ജിദ്ദ: പതിമൂന്ന് വയസുകാരന്‍ വൈഭവ് സൂര്യവംശിയെ ഐപിഎല്‍ താരലേലത്തില്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. വാശിയേറിയ ലേലം വിളിക്ക് ശേഷം 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമാണ് ബിഹാറില്‍ നിന്നുള്ള വൈഭവ് സൂര്യവംശി.
ഹൈസ്‌കൂള്‍ ക്ലാസ് പിന്നിടും മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മികച്ച പ്രകടനം തെളിയിച്ചിരുന്നു വൈഭവ്. വാങ്ങിയത് രാജസ്ഥാനാണെങ്കിലും വൈഭവിനെ ഐപിഎല്ലിലേയ്ക്ക് സ്വാഗതം ചെയ്ത് മിക്ക ടീമുകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ഒക്ടോബറില്‍ നടന്ന ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടിയാണ് വൈഭവ് സെഞ്ച്വറി നേടിയത്. ക്രിക്കറ്റിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി രാജ്യാന്തര സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന് സ്വന്തം. നിലവിലെ ബംഗ്ലാദേശ് സീനിയര്‍ ടീം ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റോയുടെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. 2013ല്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരെയാണ് ഷാന്റോയുടെ സെഞ്ച്വറി.
ഈ വര്‍ഷം ആദ്യം 12ാം വയസ്സില്‍ ബിഹാറിനായി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ചാണ് വൈഭവ് സൂര്യവംശി ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ അണ്ടര്‍ 19 പരമ്പരകളിലും വൈഭവ് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക