ജിദ്ദ: ഐപിഎല്‍ താരലേലത്തിന്റെ അവസാനം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനും ടീമായി. ലേലത്തില്‍ അര്‍ജുനെ ഒരു ടീമും വിളിക്കാതെ വന്നതോടെ ലേലത്തിന്റെ അവസാന മിനിറ്റുകളില്‍ മുംബൈ ഇന്ത്യന്‍സ് തന്നെ താരത്തെ സ്വന്തമാക്കുകയായിരുന്നു. 30 ലക്ഷം രൂപയ്ക്കാണ് യുവതാരത്തെ വീണ്ടും മുംബൈ ലേലത്തിലൂടെ സ്വന്തമാക്കിയത്.
മെഗാതാരാലേലത്തില്‍ ആദ്യം അര്‍ജുന്റെ പേര് വിളിക്കപ്പെട്ടപ്പോള്‍ മുംബൈയടക്കമുള്ള ഒരു ടീമും അദ്ദേഹത്തെ വാങ്ങാന്‍ താത്പര്യം കാണിച്ചിരുന്നില്ല. ലേലത്തില്‍ ഒരു തവണ അര്‍ജുന്‍ ഇതേ തുകയ്ക്ക് വന്നപ്പോള്‍ വാങ്ങാന്‍ തയ്യാറാവാതിരുന്ന മുംബൈ ഇടവേളയ്ക്ക് ശേഷം താരത്തെ വീണ്ടും ലേലത്തിലെത്തിലെടുത്തത് ആരാധകരെ ഞെട്ടിച്ചു. അര്‍ജുനായി മുംബൈ വീണ്ടും ആവശ്യമുയര്‍ത്തുകയായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരം 13 റണ്‍സും മൂന്ന് വിക്കറ്റുകളും നേടിയിട്ടുണ്ട്.
2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ബൗളിങ് ഓള്‍റൗണ്ടറായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. എന്നാല്‍ 2023ലാണ് മുംബൈയ്ക്കായി അര്‍ജുന്‍ മൈതാനത്തിറങ്ങിയത്. കഴിഞ്ഞ സീസണില്‍ കളിച്ചത് ഒരേയൊരു മത്സരമാണ്.
2020 മുതല്‍ 2021 വരെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനൊപ്പമുണ്ടായിരുന്ന സമയത്ത് അര്‍ജുന്റെ കരിയര്‍ വിവാദത്തിലായിരുന്നു. താരം പലപ്പോഴും ടീമില്‍ ഇടം നേടിയത് സച്ചിന്റെ മകനായതുകൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് ടീമില്‍ സ്ഥിരമായി ഇടം നേടാന്‍ കഴിയാതെ വന്നതോടെ അര്‍ജുന്‍ മികച്ച അവസരങ്ങള്‍ തേടി ഗോവയിലേക്ക് മാറിയിരുന്നു.
23 ടി20 മത്സരങ്ങളില്‍ 26 വിക്കറ്റ് നേട്ടമാണ് അര്‍ജുനുള്ളത്. ഇക്കോണമി റേറ്റ് ഓവറിന് 8.70 റണ്‍സും. അര്‍ജുന്‍ ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവ ടീമില്‍ കളിക്കുകയാണ്. സര്‍വീസസിനെതിരെ താരം മികച്ച പ്രകടനം നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക