അഡ്‍ലെയ്ഡ്: ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലും ബാറ്റർ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ല. ഇടതു തള്ള വിരലിനേറ്റ പരിക്കിനെ തുടർന്നു താരത്തിനു ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല. ഇതോടെയാണ് താരത്തിന്റെ സാന്നിധ്യം സംശയത്തിലായത്. ശനിയാഴ്ച കാൻബറയിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ ഗിൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
പരിശീലനത്തിനിടെയാണ് താരത്തിന്റെ കൈ വിരലിനു പരിക്കേറ്റത്. അഡ്‍ലെയ്ഡിൽ ഡിസംബർ ആറ് മുതൽ 10 വരെയാണ് രണ്ടാം ടെസ്റ്റ്. പകല്‍- രാത്രി പോരാട്ടമാണ് രണ്ടാം ടെസ്റ്റ്. അഡ്‍ലെയ്ഡിൽ പിങ്ക് ബോളിലാണ് ടെസ്റ്റ് പോരാട്ടം. അതിനാൽ പരിശീലന മത്സരത്തിലും പിങ്ക് പന്താണ് ഉപയോഗിക്കുക.
ഗില്ലിന് രണ്ടാഴ്ചത്തെ വിശ്രമമാണ് മെഡിക്കൽ സംഘം നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഞായറാഴ്ചയോടെ 14 ദിവസം അവസാനിക്കും. ഗില്ലിന്റെ ഫിറ്റ്നസ് ടീം നിരീക്ഷിച്ചു വരികയാണ്.
ആദ്യ ടെസ്റ്റിൽ ഗില്ലിനു പകരം ദേവ്ദത്ത് പടിക്കലാണ് ടീമിൽ ഇടംപിടിച്ചത്. അഡ്ലെയ്ഡിൽ ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തുന്നതോടെ ദേവ്ദത്ത് പുറത്തായേക്കും. കെഎൽ രാഹുൽ മൂന്നാം നമ്പറിലേക്ക് മാറും. യശസ്വിക്കൊപ്പം രോഹിതായിരിക്കും രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക