'ഐപിഎൽ വാതുവയ്പ്പിന് ദാവൂദ് ഇബ്രാ​​​ഹിം ശ്രമിച്ചു; സഹകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'- ലളിത് മോദി

രാജ്യം വിട്ടത് വധ ഭീഷണി കാരണം
IPL match fix
ലളിത് മോദിഎക്സ്
Published on
Updated on

മുംബൈ: ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്താനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളുമായി സഹകരിക്കാത്തതിനാൽ വധ ഭീഷണിയുണ്ടായിരുന്നുവെന്ന് ഐപിഎൽ സ്ഥാപകനായ ലളിത് മോദി. ഇക്കാരണത്താലാണ് താൻ ഇന്ത്യ വിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. തനിക്കെതിരെ ഒരിടത്തും കേസില്ല. ഇന്ത്യയിലേക്ക് എപ്പോൾ വേണമെങ്കിലും തനിക്കു വരാമെന്നും ലളിത് മോദി. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിലാണ് ലളിത് മോദിയുടെ വെളിപ്പെടുത്തൽ. 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്.

'എനിക്ക് വധ ഭീഷണികൾ വന്നിരുന്നു. ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പിനുള്ള ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളോടു ‍‍ഞാൻ സഹകരിക്കാൻ തയ്യാറായില്ല. ഇതായിരുന്നു വധ ഭീഷണിക്കു കാരണം. ഭീഷണി ശക്തമായതിനെ തുടർന്നാണ് രാജ്യം വിട്ടത്. അല്ലാതെ ഇന്ത്യ വിടാൻ എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചു ക്രിക്കറ്റിലെ അഴിമതി വിരുദ്ധ പോരാട്ടം പ്രധാനപ്പെട്ടതായിരുന്നു. ക്രിക്കറ്റിന്റെ മാന്യത നിലനിർത്താൻ അത് അനിവാര്യമാണെന്നു ഞാൻ കരുതി.'

'മുംബൈ വിമാനത്താവളത്തിൽ നിൽക്കുന്ന സമയത്തു ഭീഷണിയുണ്ടായിരുന്നു. ഇതു മനസിലാക്കി വിഐപി ​​ഗെയ്റ്റു വഴി പുറത്തു കടക്കാൻ സുരക്ഷാ ജീവനക്കാരൻ നിർദ്ദേശിച്ചു. ​ദാവൂദ് ഇബ്രാഹിമിന്റേയും സംഘത്തിന്റേയും ​ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്നും ഇനി 12 മണിക്കൂറിൽ കൂടുതൽ സുരക്ഷ നൽകാൻ സാധിക്കില്ലെന്നും മുംബൈ പൊലീസ് നേരിട്ട് അറിയിച്ചു. ഇതോടെയാണ് രാജ്യം വിട്ടത്.'

'ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹിമാൻഷു റോയ് എനിക്കായി വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. ഇനിയും നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയില്ലെന്നു അദ്ദേഹം പറഞ്ഞു. എന്റെ ജീവിതം വൻ അപകടത്തിലാണെന്നും മുന്നറിയിപ്പു നൽകി. അവിടെ നിന്നു മുംബൈയിലെ ഒരു ഹോട്ടലിലേക്കു കൊണ്ടു പോയി.'

'എനിക്ക് നാളെ വേണമെങ്കിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താം. ഒരു പ്രശ്നവുമില്ല. നിയമപരമായി ഞാൻ കുറ്റവാളിയല്ല. എനിക്കെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ല. ഇനി അങ്ങനെ ഒരു കേസുണ്ടെങ്കിൽ പുറത്തുവിടു കാണട്ടെ'- ലളിത് മോദി വെല്ലുവിളിച്ചു.

ദാവൂദിന്റെ ഡി കമ്പനിയുടെ ഹിറ്റ് ലിസ്റ്റിലുള്ള ആളാണ് ലളിത് മോദി. ഒരിക്കൽ ബാങ്കോക്കിൽ വച്ച് ലളിത് മോദിയെ വധിക്കാൻ ​ദാവൂദിന്റെ നിർദ്ദേശമനുസരിച്ച് ഷാർപ്പ് ഷൂട്ടർമാരുടെ സംഘം അ​ദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയിരുന്നു. എന്നാൽ വിവരം നേരത്തെ കിട്ടിയതിനെ തുടർന്നു ലളിത് മോദി അന്നു രക്ഷപ്പെടുകയായിരുന്നുവെന്നും ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com