യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ കരുത്തന്‍മാര്‍ ഗോളടിച്ചു കൂട്ടി ജയിച്ചു കയറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികവില്ലാതെ വലയുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗിലും തിരിച്ചടി. ഫെയനൂര്‍ദ് സിറ്റിയെ 3-3നു സമനിലയില്‍ കുരുക്കി.
ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് ആഴ്‌സണല്‍ സ്‌പോര്‍ട്ടിങിനെ വീഴ്ത്തി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, കയ് ഹവേര്‍ട്‌സ്, ഗബ്രിയേല്‍ മാഗാഹ്‌ലസ്, ബുകായോ സക, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് എന്നിവര്‍ ആഴ്‌സണലിനായി വല കുലുക്കി.
സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാര്‍ട്ട പ്രഹയെ വീഴ്ത്തി. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയുടെ ജയം. ജൂലിയന്‍ അല്‍വാരസ്, എയ്ഞ്ചല്‍ കൊരേയ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. മാര്‍ക്കോ ലോറെന്റെ, അന്റോയിന്‍ ഗ്രിസ്മാന്‍ എന്നിവര്‍ ശേഷിച്ച ഗോളുകളും വലയിലാക്കി.
ജര്‍മന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്‍ ആര്‍ബി സാല്‍സ്ബര്‍ഗിനെ 5-0ത്തിനു പരാജയപ്പെടുത്തി. ഫ്‌ളോറിയന്‍ വിയറ്റ്‌സ് ഇരട്ട ഗോളുകള്‍ നേടി. ഗ്രിമാല്‍ഡോ, പാട്രിക്ക് ഷീക്ക്, അലക്‌സ് ഗാര്‍ഷ്യ എന്നിവര്‍ ശേഷിച്ച ഗോളുകളും വലയിലാക്കി.
അറ്റ്‌ലാന്‍ഡ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് യങ് ബോയ്‌സിനെ തകര്‍ത്തു. മാറ്റിയോ റെറ്റെഗ്യു, ചാള്‍സ് കെറ്റലാരെ എന്നിവര്‍ ഇരട്ട ഗോളുകള്‍ വലയിലാക്കി. സീഡ് കൊളാസിനാക്ക്, ലാസര്‍ സമാര്‍സിക്ക് എന്നിവര്‍ ഓരോ ഗോളുകളും നേടി.
ബയേണ്‍ മ്യൂണിക്ക് സ്വന്തം തട്ടകത്തില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നെ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബയേണിന്റെ ജയം. പ്രതിരോധ താരം കിം മിന്‍ ജെയാണ് വല ചലിപ്പിച്ചത്. ഇന്റര്‍ മിലാന്‍ 1-0ത്തിനു ആര്‍ബി ലെയ്പ്‌സിഗിനെ പരാജയപ്പെടുത്തി.
മാഞ്ചസ്റ്റര്‍ സിറ്റിയെ ഫെയനൂര്‍ദ് സമനിലയില്‍ പിടിച്ചു. മൂന്ന് ഗോളുകള്‍ നേടി വ്യക്തമായ മുന്‍തൂക്കവുമായി നിന്ന സിറ്റി അവസാന 15 മിനിറ്റിനിടെ 3 ഗോളുകള്‍ വഴങ്ങിയാണ് അപ്രതീക്ഷിതമായി കുരുങ്ങിയത്.
റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണ ബ്രെസ്റ്റിനെ 3-0ത്തിനു വീഴ്ത്തി. ശേഷിച്ച ഗോള്‍ ഡാനി ഓല്‍മോയുടെ വക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക