അഞ്ചില്‍ അഞ്ച് ജയങ്ങളുമായി അപരാജിത മുന്നേറ്റവുമായി ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍. 15 പോയിന്റുകളുമായി അവര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് 24ാം സ്ഥാനത്തേക്ക് വീണു.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ലിവര്‍പൂളിന്റെ രണ്ട് ഗോളുകളും വന്നത് രണ്ടാം പകുതിയില്‍. 52ാം മിനിറ്റില്‍ അലക്‌സിസ് മാക്ക് അലിസ്റ്റര്‍, 76ാം മിനിറ്റില്‍ കോഡി ഗാക്‌പോ എന്നിവരാണ് ലിവര്‍പൂളിനായി വല ചലിപ്പിച്ചത്. 4-2-2-2 ശൈലിയില്‍ കളിച്ച റയലിനു പക്ഷേ ഒരു ചലനവും കളത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. വിനിഷ്യസ് ജൂനിയറുടെ അഭാവവും ടീമിന്റെ മുന്നേറ്റത്തെ ബാധിച്ചു.
ഫ്രഞ്ച് ലീഗ് വണില്‍ രണ്ടാം സ്ഥാനത്ത് കുതിക്കുന്ന മൊണാക്കോയെ പിന്നില്‍ നിന്നു കയറി തിരിച്ചടിച്ച് ബെന്‍ഫിക്ക അട്ടിമറിച്ചു. 13ാം മിനിറ്റില്‍ ലീഡെടുത്ത മൊണാക്കോയെ 48ാം മിനിറ്റില്‍ ബെന്‍ഫിക്ക സമനിലയില്‍ പിടിച്ചു. എന്നാല്‍ 67ാം മിനിറ്റില്‍ വീണ്ടും മൊണാക്കോ മുന്നിലെത്തി. അതിനിടെ മൊണാക്കോ 10 പേരായി ചുരുങ്ങിയിരുന്നു. വില്‍ഫ്രഡ് സിംഗോ ചുവപ്പ് കാര്‍ഡ് കണ്ടത് ഫ്രഞ്ച് ടീമിനു തിരിച്ചടിയായി. 84, 88 മിനിറ്റുകളില്‍ ഗോളുകളടിച്ച് ബെന്‍ഫിക്ക അവിശ്വസനീയമാം വിധം ജയം പിടിക്കുകയായിരുന്നു.
ആസ്റ്റന്‍ വില്ല സ്വന്തം തട്ടകത്തില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്റസിനെ ഗോളില്ലാ സമനിലയില്‍ കുരുക്കി. ടേബിളില്‍ വില്ല 9ാം സ്ഥാനത്തും യുവന്റസ് 19ാം സ്ഥാനത്തും.
ആവേശകരമായ പോരാട്ടത്തില്‍ ഷാക്തര്‍ ഡൊനറ്റ്‌സ്‌കിനെ വീഴ്ത്തി പിഎസ്‌വി ഐന്തോവന്‍. രണ്ട് ഗോളിനു മുന്നില്‍ നിന്ന ഷാക്തറിനെ കളിയുടെ അവസാന ഘട്ടത്തില്‍ മൂന്ന് ഗോള്‍ മടക്കിയാണ് പിഎസ്‌വി വീഴ്ത്തിയത്. 8, 37 മിനിറ്റുകളില്‍ ഷാക്തര്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ 87, 90, ഇഞ്ച്വറി സമയങ്ങളിലെ ഗോളുകളിലൂടെ പിഎസ്‌വി വീഴ്ത്തി. 69ാം മിനിറ്റില്‍ പെഡ്രിഞ്ഞോ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് ഷാക്തറിനെ വെട്ടിലാക്കി. പിഎസ്‌വിക്കായി മാലിക് ടില്‍മാന്‍ ഇരട്ട ഗോളുകള്‍ നേടി.
ഡിനാമോ സാഗ്രബിനെ എവേ പോരില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് വീഴ്ത്തി. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് അവരുടെ ജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക