സൂറിച്ച്: അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ഫുട്‌ബോളില്‍ നേടാത്ത കിരീടങ്ങളില്ല. 37ാം വയസിലും താരം കളത്തില്‍ സജീവം. ലോകകപ്പും കോപ്പ അമേരിക്കയും ചാംപ്യന്‍സ് ലീഗും ക്ലബ് ലോകകപ്പും ഒളിംപിക്‌സ് സ്വര്‍ണവും അടക്കം എണ്ണം പറഞ്ഞ കിരീടങ്ങളെല്ലാം ആ ഷോക്കേസിലുണ്ട്. ഫിഫ ദി ബെസ്റ്റ്, ബാല്ലണ്‍ ഡി ഓര്‍ ഉള്‍പ്പെടെ വ്യക്തിഗത പുരസ്‌കാരങ്ങള്‍ വേറെയും.
ഏറ്റവും പുതിയ ഫിഫ ദി ബെസ്റ്റ് പട്ടിക പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ പക്ഷേ ഞെട്ടിപ്പോയി. കാരണം ഫിഫയുടെ പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസി അപ്രതീക്ഷിതമായി ഉള്‍പ്പെട്ടതാണ് അമ്പരപ്പിച്ചത്. മികച്ച മുന്നേറ്റ താരങ്ങളുടെ പുരസ്കാര പട്ടികയിലും മെസിയുടെ പേരുണ്ട്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ രണ്ട് തട്ടിലായി ചര്‍ച്ചയും തുടങ്ങി.
റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം, റയലിന്റെ സ്പാനിഷ് താരം ഡാനി കാര്‍വഹാല്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ മുന്നേറ്റക്കാരന്‍ എര്‍ലിങ് ഹാളണ്ട്, വിരമിച്ച ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസ്, റയലിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി, റയലിന്റെ ഉറുഗ്വെ താരം വാല്‍വര്‍ഡെ, റയലിന്റെ തന്നെ ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍, ബയര്‍ ലെവര്‍കൂസന്റെ ജര്‍മന്‍ യുവ താരം ഫ്‌ളോറിയന്‍ വിയറ്റ്‌സ്, ബാഴ്‌സലോണയുടെ സ്പാനിഷ് യുവ താരം ലമിന്‍ യമാല്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവര്‍ക്കൊപ്പമാണ് മെസിയുടെ പേരുമുള്ളത്.
നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലാണ് മെസി കളിക്കുന്നത്. ഇന്റര്‍ മയാമി താരമാണ് അര്‍ജന്റീന ഇതിഹാസം.
ആരാധകര്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന സംശയം യൂറോപ്പിലെ വമ്പന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങള്‍ക്കൊപ്പം എംഎല്‍എസില്‍ കളിക്കുന്ന മെസിയെ ഉള്‍പ്പെടുത്താമോ എന്നാണ്. മാത്രമല്ല സീസണില്‍ 22 മത്സരങ്ങളില്‍ നിന്നു മെസി 21 ഗോളുകള്‍ നേടിയത് പുരസ്‌കാരത്തിനു പരിഗണിക്കാന്‍ പാകത്തിലുള്ള പ്രകടനമാണോ എന്നും ആരാധകര്‍ സംശയം ഉന്നയിക്കുന്നു.
മെസിയുടെ വരവ് എംഎല്‍എസിന്റെ ജനപ്രീതിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി എന്നത് സത്യമാണെന്നു ആരാധകര്‍ സമ്മതിക്കുന്നു. എന്നാല്‍ എംഎല്‍എസിലെ മത്സരങ്ങള്‍ക്ക് ലാ ലിഗ, പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ആവേശമുണ്ടോയെന്ന സംശയവും ചിലര്‍ പങ്കിടുന്നു.
ഈ പ്രായത്തിലും മെസി തന്നെയാണ് മികച്ച തെന്നു തെളിയിക്കുന്നതായി ചില ആരാധകര്‍ അനുകൂലിച്ചും പറയുന്നു. കോപ്പ അമേരിക്ക കിരീടമടക്കമുള്ള നേട്ടങ്ങളും അവര്‍ എടുത്തു കാണിക്കുന്നു. എംഎല്‍എസിന്‍റെ ജനപ്രീയത വര്‍ധിപ്പിച്ചതടക്കമുള്ള നേട്ടങ്ങളും അവര്‍ എടുത്തു കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക