പാകിസ്ഥാനില്‍ കളിക്കില്ല, കട്ടായം! നിലപാട് കടുപ്പിച്ച് ഇന്ത്യ; പാക് ബോര്‍ഡിന് മുന്നില്‍ കൈ മലര്‍ത്തി ഐസിസിയും

ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കണമെങ്കില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തേണ്ടി വരുമെന്ന് ഐസിസി
India-Pak
പ്രതീകാത്മകംഫയൽ
Published on
Updated on

ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്നു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. അടുത്ത വര്‍ഷം നടക്കുന്ന പോരാട്ടത്തിന് പാകിസ്ഥാനാണ് വേദിയാകുന്നത്. ഇന്ത്യ പാകിസ്ഥാനില്‍ വന്ന് കളിക്കണമെന്ന കടുത്ത നിലപാടുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനില്‍ മാത്രമായി ടൂര്‍ണമെന്റ് നടത്താന്‍ ഐസിസി തീരുമാനം എടുത്താല്‍ ഇന്ത്യ ടൂര്‍ണമെന്റ് കളിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തി ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇന്ന് ചേര്‍ന്ന ഐസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യത്തില്‍ സമവായം കണ്ടെത്താനും സാധിച്ചിട്ടില്ല. ഇതോടെ യോഗം നാളേയ്ക്ക് മാറ്റിയിരുന്നു. അതിനിടെയാണ് ഇന്ത്യ നിലപാടറിയിച്ച് രംഗത്തെത്തിയത്.

ഇസ്ലാമബാദില്‍ കഴിഞ്ഞ ദിവസം കലാപ സമാനമായ അന്തരീക്ഷമായിരുന്നു. പാകിസ്ഥാനില്‍ പര്യടനത്തിനായി എത്തിയ ശ്രീലങ്ക എ ടീം പരമ്പര പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങിപ്പോയതും പാകിസ്ഥാന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതോടെയാണ് സുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നത്.

സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വിദേശകാര്യ മന്ത്രാലയവുമായി ബിസിസിഐ പങ്കിട്ടിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബിസിസിഐ സമാന സുരക്ഷാ ആശങ്ക ഐസിസിയേയും പാക് ക്രിക്കറ്റ് ബോര്‍ഡിനേയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ കളി മറ്റൊരു വേദിയില്‍ നടത്തുക ഏക പോംവഴി

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനു വേദി ഉറപ്പിക്കണമെങ്കില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താന്‍ തയ്യാറാകണമെന്നു ഐസിസി അസന്നിഗ്ധമായി പിസിബിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൈബ്രിഡ് മോഡല്‍ മാത്രമാണ് പ്രശ്‌ന പരിഹരത്തിനുള്ള ഏക പോംവഴിയെന്നു പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com