South Africa vs Sri Lanka
ട്രിസ്റ്റൻ സ്റ്റബ്സും ടെംബ ബവുമയുംഎക്സ്

ബവുമയ്ക്കും സ്റ്റബ്‌സിനും സെഞ്ച്വറി; ശ്രീലങ്ക റണ്‍ മല താണ്ടണം

ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റ് ജയിക്കാന്‍ ലങ്കയ്ക്ക് വേണ്ടത് 516 റണ്‍സ്
Published on

ഡര്‍ബന്‍: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ച് ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ലങ്കയ്ക്ക് ജയത്തിലേക്ക് വേണ്ടത് 516 റണ്‍സ്.

ഒന്നാം ഇന്നിങ്സില്‍ പ്രോട്ടീസിനെ 191 റണ്‍സിനു പുറത്താക്കിയ ലങ്കയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം വെറും 42 റണ്‍സില്‍ അവസാനിച്ചിരുന്നു. ടെസ്റ്റില്‍ ലങ്കയുടെ ഏറ്റവും ചെറിയ ടോട്ടലെന്ന നാണക്കേടിന്റെ റെക്കോര്‍ഡും അവര്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയിരുന്നു. 149 റണ്‍സ് ലഡുമായാണ് പ്രോട്ടീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.

ക്യാപ്റ്റന്‍ ടെംബ ബവുമ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്റ്റബ്‌സ് 9 ഫോറും രണ്ട് സിക്‌സും സഹിതം 122 റണ്‍സും ബവുമ 9 ഫോറുകള്‍ സഹിതം 113 റണ്‍സും കണ്ടെത്തി. ആദ്യ ഇന്നിങ്‌സില്‍ ബവുമ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

നേരത്തെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ മാര്‍ക്കോ യാന്‍സന്റെ തീ പാറും ബൗളിങാണ് ലങ്കാ ദഹനത്തിനു കാരണമായത്. അവരുടെ 5 ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി. രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കാമിന്ദു മെന്‍ഡിസ് 13 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 10 റണ്‍സുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

യാന്‍സന്‍ 6.5 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയാണ് യാന്‍സന്‍ 7 വിക്കറ്റുകള്‍ പിഴുതത്. ജെറാള്‍ഡ് കോറ്റ്സി 2 വിക്കറ്റും കഗിസോ റബാഡ ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടി ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങിനു അയക്കുകയായിരുന്നു. ഒന്നാം ദിനത്തില്‍ വെളിച്ചക്കുറവിനെ തുടര്‍ന്നു പോരാട്ടം നേരത്തെ അവസാനിപ്പിച്ചിരുന്നു.

രണ്ടാം ദിനം തുടങ്ങിയ പ്രോട്ടീസ് ഒരു ഘട്ടത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്നു. ഒരറ്റത്ത് ക്യാപ്റ്റന്‍ ടെംബ ബവുമ നിന്നു പൊരുതിയതാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നു അവരെ കരകയറ്റിയത്. താരം 70 റണ്‍സുമായി പൊരുതി. മറ്റൊരാളും പിന്തുണയ്ക്കാനുണ്ടായിരുന്നില്ല.

ശ്രീലങ്കക്കായി ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ, പ്രബാത് ജയസൂര്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com