ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം. 43 റണ്‍സിന്റെ മിന്നും ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. മറുപടി പറഞ്ഞ മുംബൈയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ അവസാനിച്ചു.
നാല് വിക്കറ്റുകള്‍ പിഴുത എംഡി നിധീഷിന്റെ മികച്ച ബൗളിങാണ് കേരളത്തിന്റെ ജയം സാധ്യമാക്കിയത്. വിനോദ് കുമാര്‍, അബ്ദുല്‍ ബാസിത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ബാസില്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മുംബൈ നിരയില്‍ അജിന്‍ക്യ രഹാനെയാണ് ടോപ് സ്‌കോറര്‍. താരം നാല് സിക്‌സും അഞ്ച് ഫോറും സഹിതം 68 റണ്‍സ് വാരി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തിളങ്ങി. 18 പന്തില്‍ രണ്ട് സിക്‌സും ഫോറും സഹിതം ശ്രേയസ് 32 റണ്‍സെടുത്തു. 13 പന്തില്‍ 23 റണ്‍സടിച്ച ഹര്‍ദിക് തമോറാണ് പിടിച്ചു നിന്ന മറ്റൊരാള്‍. ഓപ്പണര്‍ പൃഥ്വി ഷായും 13 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 23 റണ്‍സെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ കിടിലന്‍ ബാറ്റിങുമായി കളം വാണു. സല്‍മാന്‍ നിസാറാണ് ടോപ് സ്‌കോറര്‍. താരം 49 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹന്‍ കുന്നുമ്മല്‍ 48 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും സഹിതം 87 റണ്‍സും കണ്ടെത്തി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 4 റണ്‍സില്‍ പുറത്തായി. ഗ്രൂപ്പ് എഫില്‍ നാലില്‍ മൂന്ന് ജയങ്ങളുമായി കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മുംബൈ മൂന്നാമത്. ആന്ധ്രയാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക