ദുബായ്: അടുത്ത വര്‍ഷം നടക്കേണ്ട ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനു പാകിസ്ഥാന്‍ വേദിയാകുമോ എന്നു ഇന്നറിയാം. ഐസിസിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. ഈ യോഗത്തില്‍ വേദി, സമയം അടക്കമുള്ളവ സംബന്ധിച്ച് തീരുമാനമുണ്ടാകും.
നിലവില്‍ പാകിസ്ഥാനാണ് വേദി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലും ബാക്കിയുള്ളവ പാകിസ്ഥാനിലുമെന്ന നേരത്തെ നടപ്പാക്കിയിട്ടുള്ള ഹൈബ്രിഡ് മോഡല്‍ തന്നെയായിരിക്കും ഐസിസി ഇത്തവണയും പരിഹാരമെന്ന നിലയില്‍ മുന്നോട്ടു വയ്ക്കുക.
അതേസമയം ശ്രീലങ്കന്‍ എ ടീം പാകിസ്ഥാനില്‍ പര്യടനം നടത്താനെത്തിയിരുന്നു. എന്നാല്‍ അതിനിടെ ഇസ്ലാമബാദില്‍ അരങ്ങേറിയ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നു ടീം പരമ്പര വെട്ടിച്ചുരുക്കി തിരികെ പോയത് പാകിസ്ഥാന് പുതിയ അടിയായി മാറി. സുരക്ഷ സംബന്ധിച്ച ആശങ്കകളും ഇതോടെ ഐസിസിയുടെ പരിഗണനാ വിഷയത്തിലേക്ക് വന്നു. ഇതും നിലവില്‍ പാകിസ്ഥാന് തിരിച്ചടിയായി നില്‍ക്കുന്ന കാര്യമാണ്.
പാകിസ്ഥാന് ആതിഥേയത്വം ലഭിച്ചാലും ഇന്ത്യയുടെ മത്സരങ്ങള്‍ മിക്കവാറും യുഎഇയിലായിരിക്കും അരങ്ങേറുക. 2023ലെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇത്തരത്തില്‍ ഐസിസി വിജയകരമായി ഹൈബ്രിഡ് മോഡലില്‍ നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക