ക്രൈസ്റ്റ്ചര്‍ച്ച്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയില്‍. നിലവില്‍ കിവികള്‍ക്ക് 4 റണ്‍സ് മാത്രാം ലീഡ്.
ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 348 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 499 റണ്‍സ് സ്വന്തമാക്കി. 151 റണ്‍സിന്റെ നിര്‍ണായക ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ പന്തെടുത്തത്.
രണ്ടാം ഇന്നിങ്‌സിലും കിവികളെ രക്ഷിച്ചത് മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസനാണ്. രണ്ടാം ഇന്നിങ്‌സിലും താരം അര്‍ധ സെഞ്ച്വറി (61) നേടി. രചിന്‍ രവീന്ദ്ര (24)യാണ് അല്‍പ്പ നേരം ക്രീസില്‍ നിന്ന മറ്റൊരാള്‍. നിലവില്‍ 31 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഡാരില്‍ മിച്ചല്‍ മാത്രമാണ് ഇനി അവരുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, ബ്രയ്ഡന്‍ കര്‍സ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ പങ്കിട്ടു.
ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയും ഒലി പോപ്പ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 5 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് അവര്‍ മൂന്നാം ദിനം തുടങ്ങിയത്.
ഹാരി ബ്രൂക്ക് 15 ഫോറും 3 സിക്‌സും സഹിതം 171 റണ്‍സ് സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. ബെന്‍ സ്‌റ്റോക്‌സ് 80 റണ്‍സ് കണ്ടെത്തി. നേരത്തെ രണ്ടാം ദിനത്തില്‍ ഒലി പോപ്പും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. താരം 77 റണ്‍സുമായി മടങ്ങി. ബെന്‍ ഡുക്കറ്റാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സെടുത്തു. വാലറ്റത്ത് ഗസ് അറ്റ്കിന്‍സന്‍ (48), ബ്രയ്ഡന്‍ കര്‍സ് (പുറത്താകാതെ 33) എന്നിവരും മികവോടെ ബാറ്റ് ചെയ്തതോടെയാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
കിവികള്‍ക്കായി മാറ്റ് ഹെന്റി 4 വിക്കറ്റുകള്‍ വീഴ്ത്തി. നതാന്‍ സ്മിത്ത് 3 വിക്കറ്റുകള്‍ നേടി. ടിം സൗത്തി 2 വിക്കറ്റും പിഴുതു. വില്‍ ഒറൂര്‍ക്ക് ഒരു വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡിനു ഫോമിലേക്ക് മടങ്ങിയെത്തിയ മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്റെ ബാറ്റിങാണ് തുണയായത്. അര്‍ഹിച്ച സെഞ്ച്വറി വില്ല്യംസനു നഷ്ടമായതാണ് അവരെ നിരാശപ്പെടുത്തിയത്.
താരം 93 റണ്‍സില്‍ പുറത്തായി. ഓപ്പണറും നായകനുമായ ടോം ലാതം (47), ഗ്ലെന്‍ ഫിലിപ്‌സ് (പുറത്താകാതെ 58), രചിന്‍ രവീന്ദ്ര (34) എന്നിവരാണ് പൊരുതിയ മറ്റുള്ളവര്‍. ടോസ് നേടി ഇംഗ്ലണ്ട് കിവീസിനെ ബാറ്റിങിനു വിടുകയായിരുന്നു.
ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. ഗസ് അറ്റ്കിന്‍സന്‍ രണ്ട് വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക