ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ കിവീസ് താരം അമേലിയ കേര്‍ റണ്‍ ഔട്ടായതിനെ ചൊല്ലി വിവാദം. മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു വിവാദ പുറത്താകലും അമ്പയറുടെ അസാധാരണ നടപടിയും. ഔട്ടാണെന്ന് മനസിലാക്കി അമേലിയ ഗ്രൗണ്ട് വിടാനൊരുങ്ങമ്പോള്‍ അംപയര്‍മാര്‍ പന്ത് ഡെഡ് ബോള്‍ വിളിച്ചതോടെ താരം ക്രീസില്‍ തുടര്‍ന്നു. മത്സരത്തില്‍ ഇന്ത്യ 58 റണ്‍സിന് തോറ്റു.
അംപയറുടെ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും പരിശീലകന്‍ മസുംദാറും രംഗത്തെത്തിയത് കളിക്കളത്തിലും പുറത്തും വലിയ വാദപ്രതിവാദത്തിന് കാരണമായി.
മത്സരത്തിന്റെ പതിനാലാം ഓവര്‍ ഇന്ത്യക്കായി ബൗള്‍ ചെയ്തത് സ്പിന്നര്‍ ദീപ്തി ശര്‍മ. അവസാന പന്തില്‍ സിംഗിള്‍ വഴങ്ങി ഓവര്‍ പൂര്‍ത്തിയാക്കി അംപയറിന്റെ കൈയില്‍ നിന്ന് തൊപ്പിയും തിരികെ വാങ്ങി ദീപ്തി നടക്കുന്നതിനിടെ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ രണ്ടാം റണ്ണിനായി ഓടുന്നു. അടുത്ത ഓവര്‍ ആരെ ഏല്‍പ്പിക്കുമെന്ന് ആലോചിക്കുകയായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് അപകടം മനസിലാക്കി ഉടന്‍ തന്നെ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് നല്‍കി. ഞൊടിയിടല്‍ കീപ്പര്‍ റിച്ച ഘോഷ് റണ്‍ഔട്ടാക്കി. ഔട്ട് ആയതോടെ അമേലിയ ഗ്രൗണ്ട് വിടാന്‍ ഒരുങ്ങുകയും ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നതിനിടെയാണ് അംപയര്‍ ഡെഡ് ബോള്‍ വിളിച്ചത്.
തുടര്‍ന്ന് അമേലിയ ക്രീസില്‍ തിരികെയെത്തി. അംപയറുടെ നടപടിക്കെതിരെ ക്യാപ്റ്റന്‍ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. അംപയറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക