തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; കേരളം- പഞ്ചാബ് രഞ്ജി പോരാട്ടം നാളെ മുതൽ

സച്ചിൻ ബേബി ക്യാപ്റ്റൻ, മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ പരിശീലകൻ
Kerala-Punjab Ranji match
രഞ്ജി ട്രോഫിഫയൽ ചിത്രം
Updated on
2 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ശേഷം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് തലസ്ഥാന നഗരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം. നാളെ പഞ്ചാബുമായാണ് കേരളത്തിൻറെ സീസണിലെ ആദ്യ പോരാട്ടം. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന കേരളത്തെ നയിക്കുന്നത് സച്ചിൻ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസനെ നിലവിൽ രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ.

എങ്കിലും സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. സച്ചിൻ ബേബിയും രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്.

ഇവരോടൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നു അതിഥി താരങ്ങളായി എത്തിയ ബാബ അപരാജിതും ജലജ് സക്‌സേനയും ചേരുമ്പോൾ ബാറ്റിങ് കരുത്ത് വീണ്ടും കൂടും. ഓൾ റൗണ്ടർ ആദിത്യ സർവാതെയാണ് മറ്റൊരു അതിഥി താരം. ഓൾ റൗണ്ട് കരുത്തു കണിക്കാറുള്ള ജലജ് സക്‌സേനയുടെ പ്രകടനം കഴിഞ്ഞ സീസണുകളിൽ നിർണയകമായിരുന്നു. ബേസിൽ തമ്പി, കെഎം ആസിഫ് തുടങ്ങിയവർ അണി നിരക്കുന്ന ബൗളിങ് പടയും കേരളത്തിനു കരുത്താകും.

വ്യത്യസ്ത ഫോർമാറ്റ് എങ്കിലും അടുത്തിടെ സമാപിച്ച കേരള ക്രിക്കറ്റ് ലീഗ്, ടീമംഗങ്ങളെ സംബന്ധിച്ച് മികച്ചൊരു തയ്യാറെടുപ്പിനാണ് അവസരം നൽകിയത്. ടൂർണമെന്റിൽ തിളങ്ങാനായത് സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, രോഹൻ കുന്നുമ്മൽ തുടങ്ങിയ താരങ്ങൾക്ക് ആത്മവിശ്വാസമാകും. കഴിഞ്ഞ സീസണിൽ ബംഗാളിന് എതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്. ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിടുന്ന ടീമിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാകും കൂടുതൽ നിർണായകമാവുക. കാരണം രഞ്ജിയിൽ ആദ്യ ഇന്നിങ്‌സ് ലീഡാണ് പലപ്പോഴും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.

ഈ സീസണിൽ കേരളം നാല് മത്സരങ്ങളാണ് ഹോം പോരാട്ടം കളിക്കുന്നത്. പഞ്ചാബിന് പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ ടീമുകളാണ് മത്സരങ്ങൾക്കായി തിരുവനന്തപുരത്തെത്തുക. ഇതിൽ ബിഹാർ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങൾ കൊണ്ട് സമ്പന്നമാണ്.

ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂർണമെൻറ് ജേതാക്കളാണ്. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, അർഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാൻ സിങ്, അൻമോൽപ്രീത് സിങ്, സിദ്ദാർഥ് കൗൾ തുടങ്ങിയവർ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകൻ.

ഉത്തർപ്രദേശ് ടീമിൽ നിതീഷ് റാണ, യഷ് ദയാൽ തുടങ്ങിയ താരങ്ങളും മധ്യപ്രദേശ് ടീമിൽ രജത് പടിദാർ, വെങ്കിടേഷ് അയ്യർ, അവേശ് ഖാൻ തുടങ്ങിയവരും ഉണ്ട്. ഇവരുടെയൊക്കെ പ്രകടനം കാണാനുള്ള അവസരം കൂടിയാകും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് തിരുവനന്തപുരത്തെ മത്സരങ്ങൾ.

കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മത്സരങ്ങൾ. ആദ്യ ഘട്ടം ഒക്ടോബർ 11 മുതൽ നവംബർ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബർ ആറ് മുതൽ ഒൻപത് വരെയാണ് ഉത്തർപ്രദേശുമായുള്ള കേരളത്തിന്റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com