

ഹൈദരാബാദ്: സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 133 റണ്‍സിനാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 298 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജുവാണ് കളിയിലെ താരം.
വിജയത്തോടെ ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യ തൂത്തുവാരി. ഹൈദരാബാദില്‍ മാസ്മരിക ഇന്നിങ്ങ്‌സ് കാഴ്ച വെച്ച 40 പന്തില്‍ നിന്നാണ് ടി 20യിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. സഞ്ജു 47 പന്തില്‍ നിന്നും 111 റണ്‍സെടുത്ത് പുറത്തായി. ഓരോവറില്‍ നേടിയ അഞ്ചെണ്ണം അടക്കം എട്ട് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.
രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന വെടിക്കെട്ട് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 35 പന്തില്‍നിന്ന് 75 റണ്‍ ആണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേടിയത്. ഇതിൽ ആറ് സിക്സറുകളും എട്ട് ബൗണ്ടറികളും ഉൾപ്പെടുന്നു. പിന്നാലെയെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് തുടർന്നു. പരാഗ് 13 പന്തില്‍ നിന്ന് 34 റൺസ് നേടി. 18 പന്തില്‍ നിന്ന് 47 റൺസ് വാരിക്കൂട്ടിയ ശേഷമാണ് ഹർദിക് മടങ്ങിയത്.
മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി 42 പന്തിൽ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയാണ് ടോപ് സ്കോറർ. ലിട്ടണ്‍ ദാസ് 25 പന്തില്‍ നിന്ന് 45 റണ്‍സെടുത്തു. മധ്യനിരയിൽ ഒത്തുചേർന്ന ലിറ്റൻ ദാസ്- തൗഹിദ് ഹൃദോയ് കൂട്ടുകെട്ടാണ് ബംഗ്ലാദേസ് സ്കോർ 100 കടത്തിയത്. പര്‍വേസ് ഹുസൈന്‍ ഇമോന്‍ (0), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14), തന്‍സിദ് ഹസ്സന്‍(15) മെഹ്ദി ഹസന്‍ മിറാസ് (3) എന്നിവരെല്ലാം പരാജയമായി. ഇന്ത്യക്കു വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റുകള്‍ നേടി. മായങ്ക് യാദവ് രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates