ബ്യൂണസ് ഐറീസ്: ലയണല്‍ മെസിയുടെ ഹാട്രിക് തിളക്കത്തില്‍ അര്‍ജന്റീനയ്ക്ക് മിന്നും ജയം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത ആറുഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെടുത്തി.
മത്സരത്തില്‍ ഉടനീളം അര്‍ജന്റീന താരങ്ങള്‍ കളം നിറഞ്ഞ് കളിക്കുന്നതാണ് കണ്ടത്. 73 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്റീന ആയിരുന്നു എന്നത് കളിയില്‍ അര്‍ജന്റീനയുടെ മേധാവിത്വം തെളിയിക്കുന്നു. 19,84,86 മിനിറ്റുകളിലാണ് മെസി ബൊളീവിയന്‍ വല ചലിപ്പിച്ചത്. മറ്റു രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയതും മെസിയാണ്.
കളിയുടെ തുടക്കത്തില്‍ തന്നെ ജൂലിയന്‍ അല്‍വാരസ് ഗോള്‍ അടിച്ച് അര്‍ജന്റീനയുടെ വരവ് അറിയിച്ചു. മൂന്നാം മിനിറ്റിലാണ് അല്‍വാരസ് ബൊളീവിയന്‍ വല ചലിപ്പിച്ചത്. ഇതിന് പുറമേ 45-ാം മിനിറ്റിലും അല്‍വാരസ് ഗോള്‍ കണ്ടെത്തി. മാര്‍ട്ടിനെസ്,തിയാഗോ അല്‍മേഡ എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ശേഷിക്കുന്ന ഗോളുകള്‍ നേടിയത്.
ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അര്‍ജന്റീന 14 ഷോട്ടുകളാണ് ഉതിര്‍ത്തത്. 789 പാസുകളുമായി മൈതാനം നിറഞ്ഞ് കളിക്കുന്ന അര്‍ജന്റീനയെയാണ് മത്സരത്തില്‍ ഉടനീളം കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക