റാവല്‍പിണ്ടി: തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ബംഗ്ലാദേശ്. പാകിസ്ഥാന്‍ ടീമിനെതിരെ ടെസ്റ്റ് പരമ്പരയെന്ന അനുപമ നേട്ടം താദ്യമായി സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയം നേടി അവര്‍ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു തൂത്തുവാരി.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 185 റണ്‍സായിരുന്നു. 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു.
ഈ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് വിജയമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് പരമ്പര നേട്ടമെന്ന പെരുമയും അവര്‍ കൈയില്‍ ഒതുക്കിയത്. ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.
ഓപ്പണര്‍ സകിര്‍ ഹസന്‍ (40), ഷദ്മന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ (38), മൊമിനുല്‍ ഹഖ് (34) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഷാകിബ് അല്‍ ഹസന്‍ (21), മുഷ്ഫിഖുര്‍ റഹിം (22) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഒന്നാം ഇന്നിങ്സില്‍ പാകിസ്ഥാന്‍ 274 റണ്‍സില്‍ പുറത്തായി. എന്നാല്‍ ബംഗ്ലാദേശിന്റെ പോരാട്ടം 262 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാക് ടീമിനായി. 12 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ പാകിസ്ഥാനു പക്ഷേ അടിപതറി. പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്സ് വെറും 172 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാദേശിനായി.
5 വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന്‍ മഹ്മുദും നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ നഹിദ് റാണയുമാണ് പാക് കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്.
47 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സല്‍മാന്‍ ആഘ, 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 28 റണ്‍സെടുത്തു. സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം വീണ്ടും പരാജയമായി. താരം 11 റണ്‍സുമായി മടങ്ങി.
ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി ലിറ്റന്‍ ദാസ് (138) സെഞ്ച്വറിയും മെഹ്ദി ഹസന്‍ മിറസ് അര്‍ധ സെഞ്ച്വറിയും (78) നേടിയതാണ് നിര്‍ണായകമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ