
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകളും ക്രിക്കറ്റിലേക്ക്. എന്നാല്‍ അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് താരമായിട്ടല്ല സാറ ടെണ്ടുല്‍ക്കറിന്റെ വരവ്. ടീം ഉടമായിട്ടാണ് സാറ ടെണ്ടുല്‍ക്കറിന്റെ രംഗപ്രവേശം.
ഇ-സ്‌പോര്‍ട്‌സ് രംഗത്ത് പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രിമിയര്‍ ലീഗില്‍ (ജിഇപിഎല്‍) മുംബൈ ടീമിനെയാണ് സാറ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-ക്രിക്കറ്റ് ലീഗാണ് ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രിമിയര്‍ ലീഗ്. ആദ്യ സീസണ്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് രണ്ടാം സീസണിന് തയാറെടുക്കുകയാണ് ജിഇപിഎല്‍. ആദ്യ സീസണില്‍ രണ്ടു ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍, രണ്ടാം സീസണില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 10 ലക്ഷത്തിന് അടുത്തെത്തി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ 30 കോടി ലൈഫ് ടൈം ഡൗണ്‍ലോഡുകളാണ് ഗെയിമിന് ലഭിച്ചത്. ജിയോസിനിമയിലും സ്‌പോര്‍ട്‌സ് 18 ലും ഏഴ് കോടിയിലധികം മള്‍ട്ടിപ്ലാറ്റ്ഫോം റീച്ചും 24 ലക്ഷത്തിലധികം മിനിറ്റ് സ്ട്രീം ചെയ്ത ഉള്ളടക്കവും ഉള്ളതിനാല്‍, ക്രിക്കറ്റ് ഇ-സ്‌പോര്‍ട്സില്‍ മുന്നിട്ടുനില്‍ക്കുന്നത് ഈ ഗെയിമാണ്.
'എന്റെ കുടുംബത്തിലെ ഒരു അവിഭാജ്യ ഘടകമാണ് ക്രിക്കറ്റ്. ഇ-സ്‌പോര്‍ട്‌സിന്റെ സാധ്യതകള്‍ തേടിയുള്ള ഈ യാത്ര വളരെ രസകരമായ അനുഭവമാണ്. ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രിമിയര്‍ ലീഗില്‍ മുംബൈ ടീമിനെ സ്വന്തമാക്കുകയെന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ നേട്ടമാണ്. ക്രിക്കറ്റിനോടും മുംബൈ നഗരത്തോടുമുള്ള ഇഷ്ടം ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിലൂടെ സാധിക്കും. വിനോദരംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യാനാകുന്ന വിധത്തില്‍ നല്ലൊരു ഇ-സ്‌പോര്‍ട്‌സ് ടീം കെട്ടിപ്പടുക്കാനാണ് ശ്രമം'- സാറ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
സാറയുടെ സഹോദരന്‍ അര്‍ജുന്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ്. അര്‍ജുന്‍ ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയെ പ്രതിനിധീകരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക