
ചെന്നൈ: തുടരെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ കയറിയാണ് ഡല്‍ഹി തുരത്തിയത്. ചെന്നൈയുടെ തുടരെ മൂന്നാം തോല്‍വിയാണിത്. 25 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് കണ്ടെത്തിയത്. ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. ചെപ്പോക്കിൽ ചെന്നൈ ബാറ്റിങ് നിര അമ്പേ പരാജയമായി.
വിജയ് ശങ്കറും വെറ്ററന്‍ താരം എംഎസ് ധോനിയും മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ചു നിന്ന ബാറ്റര്‍മാര്‍. വിജയ് ശങ്കര്‍ 54 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ധോനി 26 പന്തില്‍ ഓരോ സിക്‌സും ഫോറും 30 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റാരും കാര്യമായി പൊരുതിയില്ല. ശിവം ദുബെ 15 പന്തില്‍ 18 റണ്‍സെടുത്തു.
ഡല്‍ഹിക്കായി വിപ്രജ് നിഗം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക്, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റിങ് തുടങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗിനെ നഷ്ടമായി. എന്നാല്‍ പിന്നീട് എത്തിയവരെല്ലാം കാര്യമായ സംഭാവന നല്‍കിയതോടെയാണ് ഡല്‍ഹി പൊരുതാവുന്ന സ്‌കോറിലെത്തിയത്.
കെഎല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. താരം സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. 6 ഫോറും 3 സിക്‌സും സഹിതം രാഹുല്‍ 51 പന്തില്‍ 77 റണ്‍സെടുത്തു.
അഭിഷേക് പൊരേല്‍ 20 പന്തില്‍ 33 റണ്‍സെടുത്തു. 4 ഫോറും ഒരു സിക്‌സും സഹിതമാണ് താരം പൊരുതിയത്. ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ 14 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്തു. സമീര്‍ റിസ്‌വി ഓരോ സിക്‌സും ഫോറും സഹിതം 15 പന്തില്‍ 20 റണ്‍സ് കണ്ടെത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സ് കണ്ടെത്തി.
ചെന്നൈ നിരയില്‍ ഖലീല്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, നൂര്‍ അഹമദ്, മതീഷ പതിരന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക