
മുംബൈ: ജസ്പ്രിത് ബുംറ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. താരം കഴിഞ്ഞ ദിവസം മുംബൈ ക്യാംപിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുമ്പോൾ ആരാധകരെ കാത്തിരിക്കുന്നത് തീ പാറും പോരാട്ടം.
ബുംറ ഇന്ന് പന്തെറിഞ്ഞാൽ വെടിക്കെട്ട് ബാറ്റിങ് കാണാമെന്നു പറയുകയാണ് ആർസിബി താരമായ ടിം ഡേവിഡ്. ബുംറ എറിയുന്ന ആദ്യ പന്ത് തന്നെ സിക്സോ ഫോറോ തൂക്കുമെന്നാണ് മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ടിം ഡേവിഡ് പറയുന്നത്. ബുംറ ആദ്യ ഓവർ എറിയുകയാണെങ്കിൽ ആർസിബി ഓപ്പണർമാരായ വിരാട് കോഹ്‍ലി, ഫിൽ സാൾട്ട് എന്നിവരായിരിക്കും നേരിടുക. ഫലത്തിൽ ടിം ഡേവിഡിന്റെ ടാസ്ക് കോഹ്‍ലിക്കും സാൾട്ടിനുമാണ്.
'ബുംറ മികച്ച ബൗളറാണ്. മികച്ച ടീമുകൾക്കെതിരേയും മികച്ച താരങ്ങൾക്കെതിരേയും നല്ല പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നതാണ് ഒരു കളിക്കാരനെ സംബന്ധിച്ചു നല്ല അനുഭവം. അതിനാൽ മികച്ച ടീമുകളുമായി ഏറ്റുമുട്ടേണ്ടതുണ്ട്. ഞാൻ അതിനായി കാത്തിരിക്കുന്നു.'
'ഇന്ന് ബുംറ പന്തെറിഞ്ഞാൽ ആദ്യ പന്തിൽ തന്നെ ഫോറോ സിക്സോ നേടും. അത് ഞാനായിരിക്കണമെന്നില്ല. ആരായാലും അതാണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ തിരിച്ചു വരവ് നല്ലതാണ്. കാരണം മത്സരം കൂടുതൽ കടുപ്പമുള്ളതാകും'- ടിം ഡേവിഡ് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗാവസ്കർ ട്രോഫി പോരാട്ടത്തിനിടെയാണ് ബുംറയ്ക്കു പരിക്കേറ്റത്. താരത്തിനു ചാംപ്യൻസ് ട്രോഫി പോരാട്ടം കളിക്കാനും സാധിച്ചിരുന്നില്ല. ഐപിഎല്ലിലെ മുംബൈയുടെ ആദ്യ മത്സരങ്ങളും താരത്തിനു നഷ്ടമായി. പിന്നാലെയാണ് കഴിഞ്ഞ ദിവസം പരിക്ക് പൂർണമായി മാറി ബുംറ ടീമിൽ തിരിച്ചെത്തിയത്. താരത്തിന്റെ വരവ് മോശം തുടക്കമിട്ട ടീമിനു കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക