
ലണ്ടന്‍: ഇംഗ്ലണ്ട് പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 ടീമുകളെയാണ് ബ്രൂക്ക് നയിക്കുക. ജോസ് ബട്‌ലറുടെ പകരക്കാരനായാണ് യുവ താരം ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ അമരത്തെത്തുന്നത്.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ദയനീയമായി പുറത്തായതിനു പിന്നാലെയാണ് ഇംഗ്ലണ്ട് നായക സ്ഥാനത്തു നിന്നു ബട്‌ലര്‍ ഒഴിഞ്ഞത്. ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സിനോട് ഇംഗ്ലണ്ട് പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താരം നിരസിച്ചിരുന്നു.
ഇതോടെയാണ് 26കാരനായ ബ്രൂക്കിനു നറുക്കു വീണത്. ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന ബ്രൂക്ക് തന്നെയായിരുന്നു ബട്‌ലറുടെ പകരക്കാരനായി വരിക എന്നു ഏതാണ്ടുറപ്പായിരുന്നു.
2022ലാണ് താരം പരിമിത ഓവറില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ബാറ്ററായാണ് ബ്രൂക്ക് വിലയിരുത്തപ്പെടുന്നത്. 26 ഏകദിനത്തില്‍ നിന്നു 816 റണ്‍സ്. 44 ടി20 പോരാട്ടത്തില്‍ താരം ഇംഗ്ലണ്ടിനായി കളിച്ചു. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2022ല്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു.
2018ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയാണ് (ഏകദിനം, ടി20) സീനിയര്‍ ടീം നായകനായുള്ള താരത്തിന്റെ ആദ്യ വെല്ലുവിളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക