
മുംബൈ: എംഎസ് ധോനി ഐപിഎൽ മത്സരങ്ങൾ കളിക്കുന്നതു അവസാനിപ്പിക്കേണ്ട സമയമായെന്നു മുൻ ചെന്നൈ താരവും ഓസീസ് ഇതിഹാസവുമായ മാത്യു ഹെയ്ഡൻ. ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരത്തിനിടെ വെറ്ററൻ താരത്തിന്റെ ബാറ്റിങ് കണ്ടാണ് ഹെയ്ഡന്റെ പ്രതികരണം. ഐപിഎൽ കളിക്കുന്നത് അവസാനിപ്പിച്ച് ധോനി തങ്ങൾക്കൊപ്പം കമന്ററി പറയാൻ വന്നിരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഹെയ്ഡൻ തുറന്നടിച്ചു.
ശനിയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ചെന്നൈ 25 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. മത്സരത്തിൽ ധോനിയുടെ മെല്ലെപ്പോക്ക് ബാറ്റിങ് വലിയ വിമർശനമാണ് ഉയർത്തിയത്. ആരാധകർ പരസ്യമായി തന്നെ ധോനിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
'ഈ മത്സരം അവസാനിച്ചാൽ ധോനി കമന്ററി ബോക്സിലേക്ക് വന്നു ഞങ്ങൾക്കൊപ്പം ചേരണം. ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ കാലം അവസാനിച്ചു. അനിവാര്യമായതിനെ അംഗീകരിക്കുകയാണ് വേണ്ടത്. ഇനിയും വൈകിക്കൂട. അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയെങ്കിലും ഇക്കാര്യം അംഗീകരിക്കണം'- ഹെയ്ഡൻ വ്യക്തമാക്കി.
ഡൽഹിക്കെതിരായ മത്സരത്തിൽ 26 പന്തിൽ 30 റൺസാണ് ധോനി എടുത്തത്. ആറ് പന്തുകളിൽ റൺസെടുക്കാതെ വിട്ടു കളയുകയും ചെയ്തു. അർധ സെഞ്ച്വറി നേടിയ വിജയ് ശങ്കറും ധോനിയും ചേർന്നു അവസാന ഘട്ടത്തിൽ സിംഗിളുകൾ എടുത്തു കളിച്ചതും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വലിച്ചടിക്കേണ്ട സമയത്താണ് ഇരു താരങ്ങളും മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയത്.
മത്സരം കഴിഞ്ഞ ശേഷം ആരാധകർ ധോനിയുടെ സമീപനത്തെ ചോദ്യം ചെയ്തു. ഇതോടെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചു. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് ടീം ഇക്കാര്യം തള്ളിക്കളഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക