
ഹൈദരാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്‌റയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ആധികാരിക വിജയം നേടിയതിനു പിന്നാലെയാണ് നെഹ്‌റയുടെ തന്ത്രങ്ങളെ ഗാംഗുലി എടുത്തു പറഞ്ഞത്.
ഗാംഗുലി എക്‌സില്‍ കുറിച്ച വാക്കുകള്‍ വൈറലായി മാറി. മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. എവേ പോരില്‍ ബാറ്റിങിലും ബൗളിങിലും ടീം ഒരുപോലെ തിളങ്ങി.
'ആദ്യ സീസണ്‍ മുതല്‍ ഗുജറാത്ത് ഐപിഎല്ലില്‍ അവരുടെ പദ്ധതികള്‍ കൃത്യമായി തന്നെ നടപ്പാക്കുന്നുണ്ട്. അവരുടെ ടീം സജ്ജീകരണം കളിയോടുള്ള സമീപനം എന്നിവയിലെല്ലാം മികച്ച ക്രിക്കറ്റ് ബുദ്ധികള്‍ പ്രവര്‍ത്തിക്കുന്നു. മുഖ്യ പരിശീലകനെന്ന നിലയില്‍ ആശിഷ് നെഹ്‌റ തന്റെ മികവ് അടയാളപ്പെടുത്തിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ഗെയിം സെന്‍സുണ്ട് അദ്ദേഹത്തിന്'- ഗാംഗുലി കുറിച്ചു.
കളിച്ചിരുന്ന കാലത്ത് സൗരവ് ഗാംഗുലി നായകനായിരുന്നപ്പോള്‍ ടീമിലെത്തിയ യുവ താരങ്ങളില്‍ ഒരാളായിരുന്നു നെഹ്‌റ. അന്ന് ടീം വിജയങ്ങളില്‍ താരത്തെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയ നായകന്‍ കൂടിയായിരുന്നു ഗാംഗുലി.
2022ലാണ് ഗുജറാത്ത് ടൈറ്റന്‍സ് ആദ്യമായി ഐപിഎല്ലില്‍ എത്തുന്നത്. ആദ്യ വരവില്‍ തന്നെ കിരീടം നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച അവര്‍ തുടരെ രണ്ടാം സീസണിലും ഫൈനലിലെത്തിയിരുന്നു. അന്നും നെഹ്‌റയുടെ കോച്ചിങ് മികവ് വലിയ പ്രശംസ നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ നിരാശ നേരിടേണ്ടി വന്ന അവര്‍ ഇത്തവണ കരുതിയാണ് കളിക്കുന്നത്. വാഷിങ്ടന്‍ സുന്ദറിനെ ഇന്നലെ ഒരു പന്ത് പോലും എറിയാന്‍ നിയോഗിക്കാതിരുന്നതു ശ്രദ്ധേയമായിരുന്നു. എന്നാല്‍ താരത്തെ ബാറ്റിങില്‍ നേരത്തെ ഇറക്കുകയും ചെയ്തു. അതാകട്ടെ വിജയവും കണ്ടു.
വിന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിനെ ഇംപാക്ട് പ്ലെയറായി ബാറ്റിങിനു ഇറക്കുന്ന തന്ത്രവും ക്ലിക്കായി മാറുന്നതാണ് ആരാധകര്‍ കണ്ടത്. ഇന്നലെ താരം 16 പന്തില്‍ 35 റണ്‍സ് അടിച്ച് ടീം ജയം അതിവേഗത്തിലാക്കി. ഓപ്പണറും നായകനുമായ ശുഭ്മാന്‍ ഗില്‍ നിലയുറപ്പിച്ച് സാഹസികതയ്ക്കു മുതിരാതെ ബാറ്റ് വീശുന്നതിന്റെ കാര്യം കൂറ്റനടികളിലൂടെ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ ഉണ്ടെന്ന ആത്മവിശ്വാസത്തിന്റെ ബലത്തില്‍ കൂടിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക