
മുംബൈ: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ആവേശകരമായ വിജയം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. ബംഗളൂരു മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
പത്തു വർഷങ്ങൾക്കു ശേഷമാണ് വാംഖഡെ സ്റ്റേഡിയത്തിൽ ആര്‍സിബി ഒരു വിജയം നേടുന്നത്. 29 പന്തിൽ 56 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 15 പന്തിൽ 42 റൺസെടുത്തു. സൂര്യകുമാർ യാദവ് 26 പന്തിൽ 28 റൺസെടുത്തു. രോഹിത് ശർമ 17 റൺസെടുത്ത് പുറത്തായി.
79 റൺസെടുക്കുന്നതിനിടെ രോഹിത് ശർമ, റയാൻ റിക്കിൾട്ടൻ (17), വിൽ ജാക്സ് (22) എന്നിവരെ നഷ്ടമായ മുംബൈ 12.2 ഓവറിലാണ് 100 പിന്നിടുന്നത്. നാലോവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനം ആർസിബിയുടെ വിജയത്തിൽ നിർണായകമായി. യഷ് ദയാൽ, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.
ആദ്യം ബാറ്റു ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. വിരാട് കോഹ് ലി 42 പന്തിൽ 67 റൺസും ക്യാപ്റ്റൻ രജത് പാട്ടീദാർ 32 പന്തിൽ 64 റൺസും നേടി. ജിതേഷ് ശർമ (19 പന്തിൽ 40), ദേവ്ദത്ത് പടിക്കല്‍ (22 പന്തിൽ 37) എന്നിവരും ആർസിബിക്കായി തിളങ്ങി. മുംബൈയ്ക്കായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഒരു വിക്കറ്റ് നേടി. ഈ സീസണിൽ മുംബൈയുടെ നാലാം തോൽവിയാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക