I league match: കിരീടം ചര്‍ച്ചിലിനോ ഇന്റര്‍ കാശിക്കോ?, ഐ ലീഗില്‍ ഫുള്‍ കണ്‍ഫ്യൂഷന്‍; ജേതാക്കളെ തീരുമാനിക്കുന്നത് അപ്പീല്‍ഫലം

ഐ ലീഗ് ഫുട്ബോളില്‍ മത്സരങ്ങളെല്ലാം അവസാനിച്ചിട്ടും ചാമ്പ്യനില്ല
i league match
ഡെംപോ എഫ്സി-ഗോകുലം കേരള മത്സരംimage credit: Gokulam Kerala FC
Updated on
1 min read

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ മത്സരങ്ങളെല്ലാം അവസാനിച്ചിട്ടും ചാമ്പ്യനില്ല. നാടകീയത നിറഞ്ഞ അവസാനമത്സരങ്ങള്‍ക്കൊടുക്കം അതിലും നാടകീയമായ ക്ലൈമാക്സിനാണ് ഐ ലീഗ് സാക്ഷ്യം വഹിച്ചത്. ലീഗിലെ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്സാണ് ഒന്നാമത്. എന്നാല്‍ കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. കളത്തിലല്ല ഇത്തവണ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിലാണ് വിജയികളെ തീരുമാനിക്കുക. ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നല്‍കിയ അപ്പീല്‍ഫലം വന്നാല്‍ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീല്‍ഫലം അനുകൂലമായാല്‍ ഇന്റര്‍കാശിക്ക് മൂന്നുപോയന്റ് ലഭിക്കും. കിരീടവും ലഭിക്കും. ഏപ്രില്‍ 28-നാണ് വിധി.

22 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയിന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മീര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്. പട്ടികയില്‍ മുന്നിലാണെങ്കിലും ചര്‍ച്ചിലിന് കിരീടം ഉറപ്പായില്ല. നാംധാരിക്കെതിരായ മത്സരത്തിലെ അപ്പീല്‍ഫലം നിര്‍ണായകമാണ്. നാംധാരിക്കെതിരായ മത്സരത്തില്‍ ഇന്റര്‍ കാശി തോറ്റിരുന്നു. എന്നാല്‍, അയോഗ്യതയുള്ള കളിക്കാരനെ എതിരാളികള്‍ ഇറക്കി എന്നാരോപിച്ച് ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിലെ വിധി അനുകൂലമായാല്‍ ടീമിന് മൂന്നുപോയിന്റ് ലഭിക്കും. അങ്ങനെയെങ്കില്‍ ടീമിന് ലീഗ് കിരീടവും ലഭിക്കും. ഈ വിധിക്ക് ശേഷം മാത്രമേ ജേതാക്കളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.

ജനുവരി 13ന് നടന്ന ഇന്റര്‍കാശി-നാംധാരി എഫ്സി മത്സരമാണ് തര്‍ക്കത്തിലുള്ളത്. രണ്ട് ഗോളിന് ജയിച്ച നാംധാരി അയോഗ്യനായ താരത്തെ കളിപ്പിച്ചുവെന്ന് ഇന്റര്‍ പരാതിപ്പെട്ടു. അതിനാല്‍ മൂന്ന് പോയിന്റ് നല്‍കണമെന്നാണ് ആവശ്യം. ഇന്ററിന്റെ ഹര്‍ജിയില്‍ അപ്പീല്‍ കമ്മിറ്റി 28ന് വിധിപറയും. ഇന്ററിന് അനുകൂലമാണ് നിലപാടെങ്കില്‍ അവര്‍ ജേതാക്കളാകും. മറിച്ചാണെങ്കില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്. വിജയികള്‍ അടുത്ത സീസണ്‍ ഐഎസ്എല്ലും കളിക്കും.

അവസാനമത്സരങ്ങളില്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കിയപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്-റിയല്‍ കശ്മീര്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്റര്‍ കാശി ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്സിയോട് ഗോകുലം കേരള പരാജയപ്പെട്ടു.

മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. 11 മിനിറ്റിനിടെ തന്നെ രണ്ടുഗോളുകള്‍ നേടി ഗോകുലം മുന്നിലെത്തിയിരുന്നെങ്കിലും ഡെംപോ മത്സരത്തിലേക്ക് തിരിച്ചുവന്നു. 3-3 എന്ന നിലയില്‍ മത്സരം സമനിലയില്‍ അവസാനിക്കാനിരിക്കേയാണ് ഡെമ്പോയുടെ നാലാംഗോള്‍ പിറന്നത്. അതോടെ ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com