
മുംബൈ: പരിക്കു മാറി വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർ പേസർ ജസ്പ്രിത് ബുംറയുടെ മടങ്ങി വരവ് മികച്ചതായില്ല. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ ഇറങ്ങിയ താരം ആദ്യ ഓവറിൽ 10 റൺസ് വഴങ്ങി. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്നിങ്സിന്റെ നാലാം ഓവറിലാണ് ബുംറ പന്തെടുത്തത്. ആർസിബി ഈ ഘട്ടത്തിൽ 1 വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലായിരുന്നു. ബുംറയുടെ ആദ്യ പന്ത് നേരിട്ടത് ദേവ്ദത്ത് പടിക്കൽ. അടുത്ത പന്ത് നേരിട്ടത് വിരാട് കോഹ്‍ലി. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സർ തൂക്കിയാണ് കോഹ്‍ലി ബുംറയെ നേരിട്ടത്.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗാവസ്കർ ട്രോഫി പോരാട്ടത്തിനിടെയാണ് ബുംറയ്ക്കു പരിക്കേറ്റത്. താരത്തിനു ചാംപ്യൻസ് ട്രോഫി പോരാട്ടം കളിക്കാനും സാധിച്ചിരുന്നില്ല. ഐപിഎല്ലിലെ മുംബൈയുടെ ആദ്യ മത്സരങ്ങളും താരത്തിനു നഷ്ടമായി. പിന്നാലെയാണ് കഴിഞ്ഞ ദിവസം പരിക്ക് പൂർണമായി മാറി ബുംറ ടീമിൽ തിരിച്ചെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക