
ദുബായ്: ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യയുടെ ശ്രേയസ് അയ്യര്‍. മാര്‍ച്ച് മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയിലാണ് താരം ഇടം കണ്ടത്. ന്യൂസിലന്‍ഡ് താരങ്ങളായ ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് രണ്ട് പേര്‍.
ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കാണ് ശ്രേയസ് വഹിച്ചത്. മധ്യനിരയില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായി മാറിയത് അയ്യരായിരുന്നു.
ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും അയ്യരായിരുന്നു. 243 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. 48.60 ആയിരുന്നു ശരാശരി. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 45 റണ്‍സും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 48 റണ്‍സും താരം അടിച്ചെടുത്തു.
ചാംപ്യന്‍സ് ട്രോഫി ഫൈനലിലേക്ക് ന്യൂസിലന്‍ഡിനെ എത്തിക്കുന്നതില്‍ നിര്‍ണായകമായത് രചിന്‍ രവീന്ദ്രയുടെ ബാറ്റിങായിരുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും രചിനായിരുന്നു. രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ താരം 263 റണ്‍സാണ് ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ താരവും രചിനായിരുന്നു.
പാകിസ്ഥാനെതിരായ ടി20, ഏകദിന പരമ്പരകളില്‍ മികച്ച ബൗളിങാണ് ജേക്കബ് ഡഫിയെ പട്ടികയിലെത്തിച്ചത്. ടി20 സീരീസ് 4-1നു ന്യൂസിലന്‍ഡ് നേടിയപ്പോള്‍ താരം 13 വിക്കറ്റുകള്‍ സ്വന്തമാക്കി. പിന്നാലെ താരം ഐസിസി ടി20 റാങ്കിങില്‍ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. മാര്‍ച്ചില്‍ ഏകദിന ഫോര്‍മാറ്റില്‍ താരം 15 വിക്കറ്റുകള്‍ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക