
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ ഒറ്റ ഓവറില്‍ എറിഞ്ഞത് 5 തുടര്‍ വൈഡുകള്‍. 13ാം ഓവറിലാണ് താരത്തിന്റെ ധാരാളിത്ത ബൗളിങ്. ഈ ഓവറില്‍ താരം മൊത്തം എറിഞ്ഞത് 11 പന്തുകള്‍!
ഒരു ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ഓവറുകളുടെ റെക്കോര്‍ഡിനൊപ്പം ഈ പ്രകടനം എത്തി. 2023ല്‍ മുഹമ്മദ് സിറാജും തുഷാര്‍ ദേശ്പാണ്ഡെയും സമാനമായി 11 പന്തുകള്‍ ഒരോവറില്‍ എറിഞ്ഞിട്ടുണ്ട്.
താരത്തിന്റെ അവസാന ഘട്ടത്തിലെ ടീമിലേക്കുള്ള വരവും ടീമിലുണ്ടാക്കിയ ഇംപാക്ടും 'ലോര്‍ഡ്' ശാര്‍ദുല്‍ എന്നൊരു പേരും ആരാധകര്‍ താരത്തിനു സമ്മാനിച്ചിരുന്നു. മത്സരത്തില്‍ ധാരാളിയായെങ്കിലും ശാര്‍ദുല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ലഖ്‌നൗ ജയത്തില്‍ നിര്‍ണായകമായി.
അഞ്ച് വൈഡെറിഞ്ഞ ഈ ഓവറിലെ അവസാന പന്തില്‍ ശാര്‍ദുല്‍ അതുവരെ തകര്‍ത്തടിച്ചു നിന്ന കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെയെ ശാര്‍ദുല്‍ മടക്കി. പിന്നാലെ കൂറ്റനടിക്കാരനായ ആന്ദ്ര റസ്സലിനേയും ശാര്‍ദുല്‍ മടക്കി. റസ്സലിന്റെ ഈ വിക്കറ്റാണ് കളിയിലെ ട്വിസ്റ്റ്. ഈ രണ്ട് വിക്കറ്റുകള്‍ ലഖ്‌നൗ വിജയത്തില്‍ നിര്‍ണായകമായി. രണ്ട് പേരേയും ശാര്‍ദുല്‍ ഫുള്‍ ടോസ് എറിഞ്ഞാണ് പുറത്താക്കിയതും. മത്സരത്തില്‍ നാലോവറില്‍ 52 റണ്‍സ് വഴങ്ങിയാണ് ശാര്‍ദുല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ഐപിഎല്‍ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്ന ശാര്‍ദുല്‍ ഠാക്കൂറിനെ മൊഹ്‌സിന്‍ ഖാന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവസാന നിമിഷം ടീമിലെത്തിച്ചത്. എന്നാല്‍ ആദ്യ മത്സരം മുതല്‍ താരം ലഖ്‌നൗവിന്റെ ഭാഗ്യ താരമായി മാറുന്നതാണ് കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക