
ലിസ്ബന്‍: പ്രായം വെറും നമ്പറാണെന്നു തെളിയിച്ച നിരവധി കായിക താരങ്ങള്‍ ചരിത്രത്തിലുണ്ട്. ആ പട്ടികയിലേക്ക് ഇതാ മറ്റൊരു പേര് കൂടി. പോര്‍ച്ചുഗല്‍ വനിതാ ക്രിക്കറ്റ് താരം ജൊവാന ചൈൽഡാണ് റെക്കോര്‍ഡ് പുസ്തകത്തില്‍ പേരെഴുതി ചേര്‍ത്തത്. പോര്‍ച്ചുഗല്‍ ടീമിനായി 64ാം വയസിലാണ് ജൊവാന ചൈൽഡ് അരങ്ങേറിയത്. നോര്‍വെയ്‌ക്കെതിരായ ടി20 പോരാട്ടത്തിലാണ് താരത്തിന്റെ അരങ്ങേറ്റം.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ വനിതാ താരമായി ജൊവാന ചൈൽഡ് മാറി. ജിബ്രാല്‍ട്ടര്‍ വനിതാ താരം സാല്ലി ബോര്‍ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. താരം 66 വയസും 334 ദിവസവും പിന്നിട്ടപ്പോള്‍ ടി20യില്‍ ദേശീയ ടീമിനായി അരങ്ങേറിയാണ് റെക്കോര്‍ഡിട്ടത്. ഫല്‍ക്‌ലന്‍ഡ് ഐലന്‍ഡ് താരം അന്‍ഡ്രു ബ്രോണ്‍ലി (62 വയസും 145 ദിവസവും), കേമാന്‍ ഐലന്‍ഡ് താരം മാല്ലി മൂര്‍ (62 വയസും 25 ദിവസവും) എന്നിവരുടെ റെക്കോര്‍ഡുകള്‍ ജൊവന്ന ചില്‍ഡ് മറികടന്നു.
ജൊവാന ചൈൽഡ് അരങ്ങേറിയ മത്സരത്തിലെ പോര്‍ച്ചുഗല്‍ പ്ലെയിങ് ഇലവന്‍ കൗതുകം നിറഞ്ഞതായിരുന്നു. 15കാരി ഇഷ്‌റീത് ചീമ, 16കാരികളായ മറിയം വസീം, അഫ്ഷീന്‍ അഹമദ് എന്നി കൗമാരക്കാരികളും അമ്മൂമ്മയുടെ പ്രായമുള്ള ജൊവാന ചൈൽഡിനൊപ്പം ടീമില്‍ കളിച്ചു. ടീമിന്റെ ക്യാപ്റ്റനും ഈ മത്സരം അരങ്ങേറ്റം തന്നെയായിരുന്നു. അവര്‍ ആദ്യ മത്സരത്തിനിറങ്ങിയത് 44ാം വയസില്‍. സാറ ഫു റിലാന്‍ഡാണ് ക്യാപ്റ്റനായി അരങ്ങേറിയത്.
പരമ്പരയിലെ ഒരു മത്സരത്തില്‍ രണ്ട് റണ്‍സാണ് ജൊവാന ചൈൽഡ് ബാറ്റ് ചെയ്തപ്പോള്‍ എടുത്തത്. മറ്റൊരു പോരാട്ടത്തില്‍ നാല് പന്തുകള്‍ താരം എറിഞ്ഞു. 11 റണ്‍സ് വിട്ടുകൊടുത്തു. പരമ്പര 2-1നു പോര്‍ച്ചുഗല്‍ നേടി.
താരത്തിന്റെ പ്രായം നോക്കാതെയുള്ള ആവേശത്തിനു സമൂഹ മാധ്യമങ്ങളില്‍ വലിയ കൈയടിയാണ് കിട്ടിയത്. ജൊവാനയുടെ ക്രിക്കറ്റ് സ്പിരിറ്റിനേയും ആരാധകര്‍ അഭിനന്ദിച്ചു. ജൊവാനയെ പോലെയുള്ള താരങ്ങള്‍ വലിയ പ്രചോദനമാണെന്നും ആരാധകര്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക