
അഹമ്മദാബാദ്: ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഗുജറാത്തിന് ഗ്ലെന്‍ ഫിലിപ്‌സിന്റെ സേവനം ലഭിക്കില്ല. മത്സരത്തിനിടെ പരിക്കേറ്റ് താരം ഐപിഎല്ലില്‍ നിന്നു പുറത്തായി.
അടിവയറിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. താരത്തിനു വിശ്രമം ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ് ചെയ്യുന്നതിനിടെയാണ് ഗ്ലെന്‍ ഫിലിപ്‌സിനു പരിക്കേറ്റത്. താരത്തെ രണ്ട് പേര്‍ ചേര്‍ന്ന് താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടില്‍ നിന്നു പുറത്തെത്തിച്ചത്. മത്സരത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമമാണ് പരിക്കില്‍ കലാശിച്ചത്.
ന്യൂസിലന്‍ഡിന്റെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗ്ലെന്‍ ഫിലിപ്‌സ്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ഫീല്‍ഡിങ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സീസണ്‍ തുടങ്ങിയ ശേഷം രണ്ടാമത്തെ വിദേശ താരത്തെയാണ് ഗുജറാത്തിനു നഷ്ടമായത്. നേരത്തെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ടീം വിട്ടിരുന്നു. താരത്തിന്റെ തിരിച്ചു വരവ് സംബന്ധിച്ചു നിലവില്‍ വ്യക്തത വന്നിട്ടില്ല. അതിനിടെയാണ് അവര്‍ക്ക് മറ്റൊരു തിരിച്ചടി കൂടി.
നിലവില്‍ മികച്ച ഫോമിലാണ് ഗുജറാത്ത് കളിക്കുന്നത്. പോയിന്റ് പട്ടികയില്‍ അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. മുന്‍നിര ബാറ്റര്‍മാരായ സായ് സുദര്‍ശന്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പരിചയ സമ്പന്നനായ ജോസ് ബട്‌ലര്‍ എന്നിവരെല്ലാം മികവോടെ ബാറ്റ് വീശുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക