Mohammad Rizwan: ഇംഗ്ലീഷ് പറയാനല്ല, ക്രിക്കറ്റ് കളിക്കാനാണ് പാകിസ്ഥാന്‍ എന്നോട് ആവശ്യപ്പെട്ടത്; ട്രോളുകള്‍ക്ക് മറുപടിയുമായി പാക് നായകന്‍

വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ താന്‍ ദുഃഖിക്കുന്നു. അതുകൊണ്ടാണ് തനിക്ക് ഇംഗ്ലീഷ് അറിയാതെ പോയത്. എന്നാല്‍ പാക് നായകന്‍ എന്ന നിലയില്‍ ഇംഗ്ലീഷ് അറിയില്ലെന്ന കാര്യത്തില്‍ തനിക്ക് നാണക്കേട് തോന്നുന്നില്ലെന്നും റിസ് വാന്‍ പറഞ്ഞു
Mohammad Rizwan
മുഹമ്മദ് റിസ്‌വാന്‍
Updated on

കറാച്ചി: ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയനായ താരമാണ് പാക് നായകന്‍ മുഹമ്മദ് റിസ്‌വാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ പരിഹസിച്ചവരോട് ഒട്ടും കലര്‍പ്പില്ലാതെ സത്യസന്ധമായി മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലയെന്നതില്‍ തനിക്ക് നാണക്കേട് തോന്നുന്നില്ലെന്ന് റിസ് വാന്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കുകയെന്ന കാര്യത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും അല്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്ന കാര്യത്തില്‍ അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ റിസ്‌വാന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ താരത്തിന്റെ പ്രതികരണം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ താന്‍ ദുഃഖിക്കുന്നു. അതുകൊണ്ടാണ് തനിക്ക് ഇംഗ്ലീഷ് അറിയാതെ പോയത്. എന്നാല്‍ പാക് നായകന്‍ എന്ന നിലയില്‍ ഇംഗ്ലീഷ് അറിയില്ലെന്ന കാര്യത്തില്‍ തനിക്ക് നാണക്കേട് തോന്നുന്നില്ലെന്നും റിസ് വാന്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കുകയെന്നതിലാണ് തന്റെ ശ്രദ്ധ മുഴുവന്‍. അല്ലാതെ ഇംഗ്ലീഷ് സംസാരിക്കുകയെന്നതല്ല. 'പാകിസ്ഥാന്‍ എന്നോട് ആവശ്യപ്പെട്ടത് ക്രിക്കറ്റാണ്. ഇംഗ്ലീഷ് അല്ല' - റിസ് വാന്‍ പറഞ്ഞു.

തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. സ്വന്തം മണ്ണില്‍ പോലും വിജയം നേടാന്‍ കഴിയാതെ വന്നതോടെയാണ് ടീമിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു ജയം പോലുമില്ലാതെ നാണംകെട്ട പാകിസ്ഥാന്‍ പിന്നാലെ ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയാണ് ന്യൂസിലന്‍ഡ് പര്യടനത്തിനു എത്തിയത്. എന്നാല്‍ അവിടെ തോല്‍വി തന്നെ തുടര്‍ക്കഥയായി. ടി20യില്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങള്‍ തിരിച്ചെത്തിയെങ്കിലും ജയം മാത്രം കൂടെ വന്നില്ല. 'ടീമിനെ വിമര്‍ശിക്കുന്നത് നല്ലതാണ്, പക്ഷേ പ്രകടനം മെച്ചപ്പെടുത്തി മുന്നോട്ടുപോകണമെന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടെ വസീം അക്രം ഞങ്ങള്‍ക്ക് ഉപദേശം നല്‍കി. അദ്ദേഹവുമായി ഇക്കാര്യത്തില്‍ കൂടുതല്‍ ഉപദേശം തേടും. ടീം തുടര്‍ച്ചയായി പരാജയപ്പെടമ്പോഴുണ്ടാകുന്ന ആരാധകരുടെ അസ്വസ്ഥത മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും' റിസ് വാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com