
ന്യൂഡൽഹി: കളത്തിൽ പൊതുവെ ശാന്തനായി പെരുമാറുന്ന താരമാണ് സ്റ്റാർ പേസർ ജസ്പ്രിത് ബുംറ. എന്നാൽ ഇന്നലെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് താരമായ ബുംറയും പതിവ് ശാന്തത വിട്ടു. ബുംറ മലയാളി താരം കരുൺ നായരുമായി കൊമ്പുകോർത്തു. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.
നീണ്ട ഇടവേളയ്ക്കു ശേഷം ഐപിഎൽ കളിക്കാനിറങ്ങിയ കരുൺ നായർ ആദ്യ മത്സരത്തിൽ തന്നെ കത്തും ഫോമിലാണ് ബാറ്റ് വീശിയത്. താരം 40 പന്തിൽ അടിച്ചുകൂട്ടിയത് 89 റൺസ്. താരത്തിന്റെ ബാറ്റിന്റെ ചൂട് അറിയാത്ത ഒറ്റ ബൗളറും ഇന്നലെ മുംബൈ നിരയിലുണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ ബുംറയും നല്ല തല്ല് വാങ്ങി. ബുംറയുടെ 9 പന്തുകളാണ് കരുൺ നേരിട്ടത്. തൂക്കിയത് 26 റൺസ്. അതിൽ തന്നെ ഒരോവറിൽ രണ്ട് സിക്സും ഒരു ഫോറും താരം അടിച്ചെടുത്തിരുന്നു. മൊത്തം 3 ഫോറും 2 സിക്സും ബുംറയ്ക്കെതിരെ കരുൺ നേടി. അപ്രതീക്ഷിതമായി കിട്ടിയ അടിയാണ് ശാന്തമായി പെരുമാറുന്ന ബുംറയുടെ സമനിലയും തെറ്റിച്ചത്.
ഫാഫ് ഡുപ്ലെസിക്ക് പരിക്കേറ്റതിനാൽ കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് കരുണിന് ഇന്നലെ അവസരം കിട്ടിയത്. കിട്ടിയ അവസരം കരുൺ സമർഥമായി തന്നെ ഉപയോഗിച്ചു. 7 വർഷങ്ങൾക്കു ശേഷമാണ് താരം ഐപിഎല്ലിൽ ഒരു അർധ സെഞ്ച്വറി നേടുന്നത്. 1077 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ഐപിഎൽ കളിക്കാനിറങ്ങിയതും. അതിനിടെയാണ് ബുംറ കരുണിനോടു കൊമ്പുകോർത്തത്.
ബുംറ എറിഞ്ഞ പന്തിൽ രണ്ടാം റണ്ണിനു ശ്രമിക്കുന്നതിനിടെ കരുൺ അറിയാതെ ബുംറയുടെ ദേഹത്ത് തട്ടിയതാണ് ബുംറയെ ചൊടിപ്പിച്ചത്. കളത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമായിട്ടും ബുംറ കലിയടക്കാൻ സാധിക്കാതെ കരുണിന്റെ നേർക്കു വരികയായിരുന്നു. ഇരുവരും തമ്മിൽ കടുത്ത വാക് പോര് തന്നെ നടന്നു. പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ കരുണിനെ ആശ്വസിപ്പിക്കുന്നത് വിഡിയോയിൽ കാണാം. പാണ്ഡ്യയോടു കരുൺ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ബുംറയോടും കാര്യം പറയാൻ കരുൺ ശ്രമിക്കുന്നുണ്ടെങ്കിലും ബുംറ പക്ഷേ അതു കേൾക്കാൻ കൂട്ടാക്കുന്നില്ല.
ഈ സംഭവങ്ങൾ നടക്കുന്നതിനിടെ മുൻ നായകനും വെറ്ററൻ താരവുമായ രോഹിത് ശർമയും കളത്തിലുണ്ടായിരുന്നു. വാക് പോര് ചിരിച്ചുല്ലസിച്ച് തല കുലുക്കി ആസ്വദിക്കുന്ന രോഹിത് ശർമയുടെ രസകരമായ ദൃശ്യങ്ങളും വിഡിയോയിൽ ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക