'സ്പിൻ മതി', ഡ​ഗൗട്ടിൽ നിന്ന് ഹർദികിന് രോഹിതിന്റെ നിർദ്ദേശം; ആ തന്ത്രം ഫലിച്ചു! കളി മാറ്റിയ 'ക്യാപ്റ്റൻ' ഇടപെടൽ (വിഡിയോ)

നിർണായക ബൗളിങ് ചെയ്ഞ്ചിനു രോഹിത് നൽകിയ നിർദ്ദേശമാണ് കളി തിരിച്ചത്
Rohit Sharma Masterminds
ബൗളിങ് മാറ്റം നിർ‌ദ്ദേശിക്കുന്ന രോഹിത് വിഡിയോ സ്ക്രീൻ ഷോട്ട്
Updated on

ന്യൂഡൽഹി: ത്രില്ലർ പോരാട്ടമാണ് ഇന്നലെ ‍ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരിൽ ജയ സാധ്യത ഇരു ഭാ​ഗത്തേക്കും മാറി മറിഞ്ഞു. നാല് തുടർ ജയങ്ങളുമായി നിന്ന ഡൽഹിയെ അവരുടെ തട്ടകത്തിൽ വീഴ്ത്താൻ മുംബൈക്ക് വഴി തുറന്നത് ഡ​ഗൗട്ടിലിരുന്നു തന്ത്രമോതിയ മുൻ നായകൻ രോഹിത് ശർമയുടെ മിടുക്ക്. ഇതിന്റെ വിഡിയോ വൈറലായി മാറി.

ഹർദിക് പാണ്ഡ്യയാണ് നിലവിൽ മുംബൈ നായകൻ. രോഹിത് ഇംപാക്ട് പ്ലെയറായാണ് ഈ സീസണിൽ കളിക്കുന്നത്. താരം ​ഡ​ഗൗട്ടിലിരുന്നു നിർദ്ദേശിച്ച നിർണായക ബൗളിങ് മാറ്റാണ് കളിയുടെ​ ​ഗതി മുംബൈക്ക് അനുകൂലമാക്കിയത്. തന്ത്രം വിജയിച്ചതോടെ മുംബൈ കളിയിൽ പിടിയും മുറുക്കി ജയവും പിടിച്ചു. കളത്തിലില്ലാതെയും ടീം ജയത്തിൽ നിർണായക പങ്കു വഹിക്കുന്ന രോഹിത് ശർമയ്ക്ക് കൈയടിക്കുകയാണ് ആരാധകർ.

മുംബൈ ആ​ദ്യം ബാറ്റ് ചെയ്ത് 206 റൺസാണ് വിജയ ലക്ഷ്യം വച്ചത്. ഒരു ഘട്ടത്തിൽ ഡൽഹി 13 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന കരുത്തുറ്റ നിലയിലായിരുന്നു. അപ്പോൾ 42 പന്തിൽ 61 റൺസ് മാത്രം അകലെയായിരുന്നു അവർക്ക് ജയം.

ഈ ഘട്ടത്തിൽ പന്ത് മാറ്റാനുള്ള മുംബൈയുടെ ആവശ്യം അം​ഗീകരിക്കപ്പെട്ടു. ഇതോടെയാണ് രോഹിതിന്റെ നിർണായക ഇടപെടൽ വന്നത്. രാത്രി മത്സരങ്ങളിൽ പത്ത് ഓവർ കഴിഞ്ഞാൽ പന്ത് മാറ്റാൻ ടീമുകൾക്കു അനുവാദം കിട്ടും. മുംബൈ ഈ തന്ത്രമാണ് പ്രയോ​ഗിച്ചത്. രോഹിത് തന്ത്രം അക്ഷരം പ്രതി നടപ്പായതോടെ കളിയും തിരിഞ്ഞു.

ഡൽഹി ബാറ്റിങിനു ഇറങ്ങിയപ്പോൾ രോഹിതിനു പകരം ബൗളിങ് ഇംപാക്ട് താരമായി വന്നത് കാൺ ശർമയായിരുന്നു. 13ാം ഓവറിൽ പന്ത് മാറ്റിയപ്പോൾ രോഹിത് ​ഡ​ഗൗട്ടിലിരുന്നു കൈ ആം​ഗ്യത്തിൽ സ്പിന്നറെ എറിയിക്കാൻ ഹർദികിനോടു ആവശ്യപ്പെട്ടു. ഈ തീരുമാനം എടുക്കും മുൻപ് രോഹിത് മുംബൈ ബൗളിങ് കോച്ച് പരസ് മാംബ്രെ, മുഖ്യ പരിശീലകൻ മഹേല ജയവർധനെ എന്നിവരുമായി ചർച്ച ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

14ാം ഓവർ എറിയാൻ അതോടെ കാൺ ശർമ നിയോ​ഗിക്കപ്പെടുന്നു. മൂന്നാം പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സിനേയും അടുത്ത വരവിൽ കെഎൽ രാഹുലിനേയും കാൺ പുറത്താക്കി. അഭിഷേക് പൊരേലിനെ താരം നേരത്തെ മടക്കി നിർണായക ത്രൂ മുംബൈക്ക് നൽകിയിരുന്നു. പിന്നാലെയാണ് രോഹിതിന്റെ നിർദ്ദേശത്തിൽ പന്തെടുത്ത് രണ്ട് വിക്കറ്റുകൾ കൂടി നേടിയത്. വിപ്രജ് നി​ഗം നൽകിയ റിട്ടേൺ ക്യാച്ച് താരം വിട്ടു കളഞ്ഞിരുന്നു. ഇതു കൈയിൽ ഒതുക്കിയിരുന്നെങ്കിൽ കാൺ ശർമയ്ക്കു നാല് വിക്കറ്റുകൾ ലഭിക്കുമായിരുന്നു.

40 പന്തിൽ 89 റൺസ് വാരിയ കരുൺ നായരുടെ മിന്നും ബാറ്റിങ് മികവിലാണ് ഡൽഹി തിരിച്ചടിച്ചത്. എന്നാൽ താരം പുറത്തായ ശേഷം വന്നവർക്ക് ശേഷിച്ച റൺസ് കണ്ടെത്താൻ സാധിച്ചില്ല. 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലായിരുന്നു ഡൽഹി. പിന്നീട് മുംബൈ ബൗളർമാർ പിടിമുറുക്കി. ശേഷിച്ച നാല് വിക്കറ്റുകൾ അവർ 13 റൺസിനിടെ വീഴ്ത്തി.

19ാം ഓവറിൽ തുടരെ മൂന്ന് റണ്ണൗട്ടുകൾ അതിവേ​ഗം ഡൽഹിയെ പരാജയത്തിലേക്ക് തള്ളിയിട്ടു. നാലാം പന്തിൽ അശുതോഷ് ശർമ, അഞ്ചാം പന്തിൽ കുൽദീപ് യാദവ്, ആറാം പന്തിൽ മോഹിത് ശർമ എന്നിവരാണ് തുടരെ റണ്ണൗട്ടായത്. 19 ഓവറിൽ ഡൽഹി 193 റൺസിനു ഓൾ ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com