
ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് താരമായ ബുംറ പതിവ് ശാന്തത വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മലയാളി താരം കരുണ്‍ നായരുമായി കൊമ്പുകോര്‍ത്തത് വൈറലായി മാറിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലില്‍ കളിക്കാനിറങ്ങിയ കരുണ്‍ കത്തും ഫോമില്‍ ബാറ്റ് വീശി. മുംബൈ ബൗളര്‍മാരെല്ലാം കരുണിന്റെ ബാറ്റിങ് ചൂടറിഞ്ഞു. കൂട്ടത്തില്‍ ബുംറയും തല്ലു വാങ്ങി. ഇതിന്റെ നിരാശയിലാണ് താരം കരുണുമായി ഉടക്കിയത്.
എന്നാല്‍ മത്സര ശേഷം ഇരു താരങ്ങളും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റേയും ചിരിച്ച് സൗഹൃദം പങ്കിടുന്നതിന്റേയും വിഡിയോ ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കിട്ടു. കളിയുടെ സ്പിരിറ്റില്‍ സംഭവിക്കുന്നതാണ് അത്തരം നിമിഷങ്ങളെന്നും തെളിയിക്കുന്നതാണ്.
കരുണ്‍ മത്സരത്തില്‍ 40 പന്തില്‍ അടിച്ചുകൂട്ടിയത് 89 റണ്‍സ്. ബുംറയുടെ 9 പന്തുകളാണ് കരുണ്‍ നേരിട്ടത്. തൂക്കിയത് 26 റണ്‍സ്. അതില്‍ തന്നെ ഒരോവറില്‍ രണ്ട് സിക്‌സും ഒരു ഫോറും താരം അടിച്ചെടുത്തിരുന്നു. മൊത്തം 3 ഫോറും 2 സിക്‌സും ബുംറയ്‌ക്കെതിരെ കരുണ്‍ നേടി. അപ്രതീക്ഷിതമായി കിട്ടിയ അടിയാണ് ശാന്തമായി പെരുമാറുന്ന ബുംറയുടെ സമനിലയും തെറ്റിച്ചത്.
ഫാഫ് ഡുപ്ലെസിക്ക് പരിക്കേറ്റതിനാല്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് കരുണിന് ഇന്നലെ അവസരം കിട്ടിയത്. കിട്ടിയ അവസരം കരുണ്‍ സമര്‍ഥമായി തന്നെ ഉപയോ?ഗിച്ചു. 7 വര്‍ഷങ്ങള്‍ക്കു ശേഷമാണ് താരം ഐപിഎല്ലില്‍ ഒരു അര്‍ധ സെഞ്ച്വറി നേടുന്നത്. 1077 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ഐപിഎല്‍ കളിക്കാനിറങ്ങിയതും. അതിനിടെയാണ് ബുംറ കരുണിനോടു കൊമ്പുകോര്‍ത്തത്.
ബുംറ എറിഞ്ഞ പന്തില്‍ രണ്ടാം റണ്ണിനു ശ്രമിക്കുന്നതിനിടെ കരുണ്‍ അറിയാതെ ബുംറയുടെ ദേ?ഹത്ത് തട്ടിയതാണ് ബുംറയെ ചൊടിപ്പിച്ചത്. കളത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമായിട്ടും ബുംറ കലിയടക്കാന്‍ സാധിക്കാതെ കരുണിന്റെ നേര്‍ക്കു വരികയായിരുന്നു. ഇരുവരും തമ്മില്‍ കടുത്ത വാക് പോര് തന്നെ നടന്നു. പിന്നാലെ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ കരുണിനെ ആശ്വസിപ്പിക്കുന്നത് വിഡിയോയില്‍ കാണാം. പാണ്ഡ്യയോടു കരുണ്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ബുംറയോടും കാര്യം പറയാന്‍ കരുണ്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബുംറ പക്ഷേ അതു കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക