
ലഖ്നൗ: അഞ്ച് തുടർ തോൽവികളെ തുടർന്നു കടുത്ത നിരാശയിലായിരുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസമാകുന്നതായിരുന്നു ഇന്നലത്തെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ വിജയം. തുടർ തോൽവികളിൽ നട്ടംതിരിഞ്ഞ ടീമിനു ആത്മവിശ്വാസം നൽകുന്നതാണ് വിജയമെന്നു മത്സര ശേഷം ക്യാപ്റ്റൻ എംഎസ് ധോനി പ്രതികരിച്ചു. ടീം ഇതുവരെ കടന്നു പോയത് ദുഷ്കരമായ സാഹചര്യങ്ങളിലൂടെയായിരുന്നുവെന്നും ധോനി സമ്മതിച്ചു. മത്സരത്തിൽ 5 വിക്കറ്റ് ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.
'സാഹചര്യങ്ങളെ ദൈവം ചിലപ്പോൾ കഠിനമാക്കും. പവർ പ്ലേയിലെ ഞങ്ങളുടെ കളി നോക്കിയാൽ മനസിലാകും മത്സരം എത്രമാത്രം ദുഷ്കരമായിരുന്നു എന്ന്. കൂട്ടുകെട്ട് സൃഷ്ടിക്കുന്നതിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലുമൊക്കെ ടീം വല്ലാതെ കഷ്ടപ്പെടുകയായിരുന്നു. ബാറ്റിങ് യൂണിറ്റിനു ആഗ്രഹിച്ച തുടക്കവും കിട്ടിയില്ല. ഒപ്പം വിക്കറ്റ് വീഴ്ചയും.'
'ഒരു മത്സരം ജയിക്കുക എന്നത് നല്ല കാര്യമാണ്. പ്രത്യേകിച്ച് ഐപിഎൽ പോലെയുള്ള ടൂർണമെന്റ് കളിക്കുമ്പോൾ ജയിക്കാനായിരിക്കും നാം ആഗ്രഹിക്കുക. എന്നാൽ നിർഭാഗ്യവശാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങൾ ഞങ്ങളെ സംബന്ധിച്ചു ആ നിലയ്ക്കല്ല പോയത്. തുടർ തോൽവികൾക്കു പല കാരണങ്ങൾ പറയാനുണ്ടാകും. വിജയം എപ്പോഴും നല്ലതാണ്. മുഴുവൻ ടീം അംഗങ്ങൾക്കും അതു നൽകുന്ന ആത്മവിശ്വാസം വലുതാണ്. ടീം മെച്ചപ്പെടേണ്ട മേഖലകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും അതു സഹായിക്കും'- ധോനി പ്രതികരിച്ചു.
ധോനിയുടെ ഫിനിഷിങ് മികവിലാണ് ചെന്നൈ വിജയ വഴിയിൽ തിരിച്ചെത്തിയത്. 11 പന്തിൽ 4 ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 26 റൺസെടുത്ത ധോനിയുടെയും, 37 പന്തിൽ 43 റൺസുമായി ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയത്. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 166 റൺസ്. മൂന്ന് പന്ത് ബാക്കി നിൽക്കെ ചെന്നൈ 5 വിക്കറ്റ് ജയമാണ് പിടിച്ചത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും ധോനിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക