
ഇസ്ലാമബാദ്: സെഞ്ച്വറിയടിച്ച് ടീമിനെ ജയത്തിലേക്ക് നയിച്ച താരത്തിന് സമ്മാനം ഹെയർ ഡ്രയർ! പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിന്റെ ഇംഗ്ലീഷ് താരം ജെയിംസ് വിൻസിനു കിട്ടിയ സമ്മാനം സമൂഹ മാധ്യമങ്ങളിൽ ട്രോളിനുള്ള വകയായി. മത്സരത്തിൽ 43 പന്തിൽ 14 ഫോറും 4 സിക്സും സഹിതം വിൻസ് 101 റൺസ് അടിച്ചു. മുൾട്ടാൻ സുൽത്താനെതിരായ പോരാട്ടത്തിലാണ് താരം തകർപ്പൻ അടികളുമായി ടീമിനെ ജയത്തിലേക്ക് നയിച്ചത്.
ഡ്രസിങ് റൂമിൽ വച്ച് താരത്തിനു ഹെയർ ഡ്രയർ സമ്മാനിക്കുന്നതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിച്ചത്. പിന്നാലെയാണ് വമ്പൻ ട്രോളുകൾ നിറഞ്ഞത്. അടുത്ത കളിയിൽ സെഞ്ച്വറിയടിച്ചാൽ ഷേവിങ് ജെൽ, ഷാംപു എന്നിവയായിരിക്കും സമ്മാനം എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൾട്ടാൻ സുൽത്താൻ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചു കൂട്ടി. ക്യാപ്റ്റനും ഓപ്പണറുമായ മുഹമ്മദ് റിസ്വാൻ 63 പന്തിൽ പുറത്താകാതെ 105 റൺസെടുത്ത് ടോപ് സ്കോററായി. 19 പന്തിൽ 36 റൺസ് വാരിയ കമ്രാൻ ഗുലം, 17 പന്തിൽ 44 റൺസെടുത്ത മൈക്കൽ ബ്രെയ്സ്‍വെൽ എന്നിവരും ടീം സ്കോറിലേക്ക് കാര്യമായ സംഭാവന നൽകി.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കറാച്ചി കിങ്സിനായി വിൻസ് തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. 37 പന്തിൽ 60 റൺസെടുത്ത ഖുഷ്ദിൽ ഷായും വിൻസിനൊപ്പം ടീം ജയത്തിൽ കാര്യമായ പങ്കുവഹിച്ചു.
വിജയത്തിനു പിന്നാലെ ചേർന്ന ടീം മീറ്റിങിലാണ് കറാച്ചി കിങ്സ് അധികൃതർ റിലയബിൾ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരമായി ഹെയർ ഡ്രയർ സമ്മാനിച്ചത്. ഇതു വാങ്ങാൻ വരുമ്പോൾ വിൻസും അമ്പരക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക