
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ധോനിയുടെ ഒറ്റക്കൈ സിക്‌സ് ഏറ്റെടുത്ത് ആരാധകര്‍. വലിയ ഇടവേളയ്ക്ക് ശേഷം ധോനിയുടെ ഫിനീഷിങ് കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. സീസണില്‍ അഞ്ച് മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെയാണ് ധോനിയുടെ ഫിനീഷിങ് മികവില്‍ ടീം ജയം നേടുന്നത്.
മത്സരത്തില്‍ 11 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്ത ധോനി പുറത്താകാതെ നിന്നു. ആദ്യം ആവേശ് ഖാന്റെ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ പായിച്ചു ധോനി.
17-ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തിലാണ് ധോനി മിഡ് വിക്കറ്റിന് മുകളിലൂടെ ഒറ്റക്കൈ കൊണ്ട് സിക്‌സ് പായിച്ചത്. ധോനിയുടെ ഇന്നിങ്‌സിലെ ഒരേ ഒരു സിക്‌സ് ആയിരുന്നു അതെങ്കിലും ധോനി സ്‌റ്റൈല്‍ സിക്‌സ് എന്ന നിലയില്‍ ആരാധകര്‍ ഏറ്റെടുത്തു.
കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ അത്ഭുതപ്പെട്ടെന്ന് ധോനി മത്സര ശേഷം പറഞ്ഞു. 2019 മാര്‍ച്ച് 31 ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 75 റണ്‍സ് നേടിയപ്പോഴാണ് ധോനി അവസാനമായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയത്. ഐപിഎല്ലില്‍ ധോനിയുടെ 18-ാമത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക