
ലഖ്നൗ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം തോറ്റതിനു പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായ ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസി വലിയ രീതിയിലാണ് വിമർശിക്കപ്പെട്ടത്. 3 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത രവി ബിഷ്ണോയിക്ക് മുഴുവൻ ഓവറും എറിയാൻ നൽകാത്തതും ഡത്ത് ഓവറിൽ വരുത്തിയ ബൗളിങ് ചെയ്ഞ്ച് തീരുമാനത്തിലെ പാളിച്ചകളുമാണ് വിമർശിക്കപ്പെട്ടത്. എന്നാൽ പന്തിനെ പിന്തുണയ്ക്കുകയാണ് രവി ബിഷ്ണോയ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിനു ചില പദ്ധതികൾ ഉണ്ടാകുമെന്നു ബിഷ്ണോയ് ചൂണ്ടിക്കാട്ടുന്നു.
'മൂന്ന് ഓവർ എറിഞ്ഞ ശേഷം അദ്ദേഹം പിന്നീട് നാലാം ഓവർ എറിയുന്നതിനെ കുറിച്ച് എന്നോടു സംസാരിച്ചില്ല. അദ്ദേഹമാണ് ക്യാപ്റ്റൻ. ഗ്രൗണ്ടിൽ ടീമിനു ആവശ്യമുള്ളത് എന്താണെന്നു മനസിലാക്കാൻ അദ്ദേഹത്തിനു കഴിവുണ്ട്. അതിനനുസരിച്ചുള്ള തീരുമായിരിക്കും എടുത്തത്. സ്റ്റംപിനു പിന്നിലാണ് ക്യാപ്റ്റൻ നിൽക്കുന്നത്. അദ്ദേഹത്തിനു അതുകൊണ്ടു സാഹചര്യം വിലയിരുത്താൻ സാധിക്കും.'
'പിരിമുറുക്കമുള്ള കളികളിൽ ഒരു ക്യാപ്റ്റൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നു ചിന്തിക്കുന്നതു തന്നെയാണ് നല്ലത്. അപ്പോൾ മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കും'- ബിഷ്ണോയ് ക്യാപ്റ്റനെ പിന്തുണച്ചു പ്രതികരിച്ചു.
ഒരു ഘട്ടത്തിൽ മത്സരം ലഖ്നൗ വിജയിക്കുമെന്ന പ്രതീതിയുണർത്തി. എന്നാൽ ചെന്നൈയ്ക്ക് 30 പന്തിൽ 56 റൺസ് ആവശ്യമുള്ളപ്പോൾ പന്ത് സ്പിന്നർമാർക്കു പകരം പേസർമാരെ ഇറക്കി നടത്തിയ പരീക്ഷണം പാളി. ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോനി 11 പന്തിൽ 26 അടിച്ച് ടീമിനെ ജയത്തിലെത്തിച്ചതോടെ പന്തിന്റെ തീരുമാനം തെറ്റാണെന്നു തെളിയിക്കപ്പെട്ടു.
3 ഓവറിൽ ബിഷ്ണോയ് 9 ഡോട്ട് ബോളുകൾ എറിഞ്ഞിരുന്നു. രവീന്ദ്ര ജഡേജ, രാഹുൽ ത്രിപാഠി എന്നിവരെ പുറത്താക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക