കൈയിലിരുന്ന കളി രാജസ്ഥാന്‍ 'തളികയിൽ' വച്ച് കൊടുത്തു, ആർസിബി ഒടുവിൽ ഹോം ​ഗ്രൗണ്ടിൽ ജയിച്ചു!

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി
Royal Challengers Bengaluru end home jinx
ജോഷ് ഹെയ്സൽവുഡിനെ എടുത്തുയർത്തി വിജയമാഘോഷിക്കുന്ന വിരാട് കോഹ്‍ലിഎപി
Updated on
2 min read

ബംഗളൂരു: ജയിക്കാമായിരുന്ന ഒരു മത്സരം കൂടി രാജസ്ഥാന്‍ റോയല്‍സ് എതിരാളിക്കു സമ്മാനിച്ചു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 11 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മറുപടി പറയാനിറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സില്‍ അവസാനിച്ചു. ഈ സീസണിൽ എവേ മത്സരങ്ങൾ ജയിച്ചിരുന്ന ആർസിബി ഹോം ​ഗ്രൗണ്ടിൽ തോൽവികളുമായി നട്ടം തിരിയുകയായിരുന്നു. അതിനൊരു അവസാനമുണ്ടാക്കി നൽകാനും രാജസ്ഥാന് കഴിഞ്ഞു!

ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കി നിര്‍ത്തി. രാജസ്ഥാന്‍ തുടര്‍ തോല്‍വിയുമായി എട്ടാം സ്ഥാനത്തേക്ക് വീണു. അവരുടെ പ്ലേ ഓഫ് സാധ്യമാകണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ നടക്കേണ്ടി വരും.

3 റണ്‍സ് ചേര്‍ക്കുന്നതിനിടെ രാജസ്ഥാന്‍ കളഞ്ഞു കുളിച്ചത് 4 വിക്കറ്റുകള്‍. ധ്രുവ് ജുറേല്‍ 19ാം ഓവറിന്റെ മൂന്നാം പന്തില്‍ മടങ്ങുമ്പോള്‍ രാജസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് ഇതേ സ്‌കോറില്‍ തന്നെ ഏഴാം വിക്കറ്റും എട്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 191ല്‍ നില്‍ക്കെ 9ാം വിക്കറ്റും നഷ്ടമായി. പിന്നീട് വിക്കറ്റ് നഷ്ടമായില്ലെങ്കിലും ചേര്‍ത്തത് 3 റണ്‍സ് മാത്രം.

ഒരു ഘട്ടത്തില്‍ ജയത്തിലേക്ക് അവര്‍ക്ക് 17 പന്തില്‍ 34 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ഫിനിഷര്‍മാരുടെ അഭാവം വീണ്ടും അവരുടെ കുഴി തോണ്ടി.

ജയത്തിലേക്ക് അതിവേഗമാണ് രാജസ്ഥാന്‍ തുടങ്ങിയത്. 4.2 ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ അവര്‍ 52ല്‍ എത്തിയിരുന്നു. വൈഭവ് സൂര്യവംശിയാണ് ആദ്യ മടങ്ങിയത്. താരം 12 പന്തില്‍ 2 വീതം സിക്‌സുകള്‍ സഹിതം 16 റണ്‍സെടുത്തു.

5.5 ഓവറില്‍ രണ്ടാം വിക്കറ്റായി ഓപ്പണര്‍ യശസ്വി ജയസ്വാള്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 72ല്‍ എത്തിയിരുന്നു. താരം 19 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 49 റണ്‍സുമായി തീപ്പൊരി ഇന്നിങ്‌സ് കളിച്ചു.

പിന്നീട് നിതീഷ് റാണ (22 പന്തില്‍ 28), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (10 പന്തില്‍ 22) എന്നിവരും പൊരുതിയെങ്കിലും വലിയ സ്‌കോറിലെത്തും മുന്‍പ് പുറത്തായത് തിരിച്ചടിയായി.

അഞ്ചാമനായി എത്തിയ ധ്രുവ് ജുറേല്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 34 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 47 റണ്‍സ് കണ്ടെത്തി. അതിനിടെ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ പുറത്തായി. താരം ഓരോ സിക്‌സും ഫോറും സഹിതം 12 റണ്‍സെടുത്തു. പിന്നാലെ ധ്രുവ് ജുറേലും പുറത്തായതോടെ രാജസ്ഥാന്‍ അതിവേഗം തകര്‍ന്നു.

ആര്‍സിബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് 4 വിക്കറ്റുകളുമായി തിളങ്ങി. താരത്തിന്റെ രണ്ടാം വരവാണ് കളി ആര്‍സിബിക്ക് അനുകൂലമാക്കിയത്. ക്രുണാല്‍ പാണ്ഡ്യയും കളി ട്വിസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായി. താരം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിന്നും ഫോമിലുള്ള വിരാട് കോഹ്ലി അര്‍ധ സെഞ്ച്വറിയുമായി ടോപ് സ്‌കോററായി. ഫോമിലുള്ള ദേവ്ദത്ത് പടിക്കലും അതിവേഗം അര്‍ധ സെഞ്ച്വറിയുമായി സ്‌കോര്‍ കുത്തനെ ഉയര്‍ത്തി. ടിം ഡേവിഡ്, ജിതേഷ് ശര്‍മ എന്നിവരും കാര്യമായ സംഭാവന നല്‍കി.

കോഹ്ലി 42 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 70 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 27 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 50 റണ്‍സും കണ്ടെത്തി.

ട്ിം ഡേവിഡ് 15 പന്തില്‍ 23 റണ്‍സും ജിതേഷ് പുറത്താകാതെ 10 പന്തില്‍ 20 റണ്‍സും അടിച്ചു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 23 പന്തില്‍ 26 റണ്‍സെടുത്തു.

രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍, വാനിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com