മിന്നും സെര്‍വുമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പിന്തുണയുമായി ഇ പി; കണ്ണൂരില്‍ ലഹരിക്കെതിരെയുള്ള വോളിയില്‍ രാഷ്ട്രീയക്കാരുടെ ടീമിന് വിജയം

രാഷ്ട്രീയക്കാരുടെ ടീമും ചേംബര്‍ ടീമുമാണ് പ്രദര്‍ശന മത്സരത്തില്‍ കൊമ്പുകോര്‍ത്തത്
ramachandran kadannappally in volley match
മത്സരത്തിനിടെ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇപി ജയരാജനും
Updated on
1 min read

കണ്ണൂര്‍: മിന്നും സര്‍വുമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കളിക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശന വോളിബോൾ മത്സരത്തില്‍ രാഷ്ട്രീയക്കാരുടെ ടീമിന് ഉജ്ജ്വല വിജയം. കണ്ണൂരിലെ രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലുള്ള പോരാട്ടം അത്യധികം ആവേശകരമായാണ് അരങ്ങേറിയത്. മെയ് രണ്ടിന് തുടങ്ങുന്ന ആറാമത് തുളസി ഭാസ്‌കരന്‍ എവറോളിങ് ട്രോഫിക്കായുള്ള സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിയുടെ മുന്നോടിയായിട്ടാണ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയക്കാരുടെ ടീമും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേംബര്‍ ടീമുമാണ് പ്രദര്‍ശന മത്സരത്തില്‍ കൊമ്പുകോര്‍ത്തത്. ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബൃഹദ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മൈതാനത്ത് ബ്രേക്കിങ് - ഡിയെന്ന പേരില്‍ പ്രദര്‍ശന വോളി മത്സരം നടത്തിയത്.

മുന്‍മന്ത്രി ഇ പി ജയരാജന്‍. എം വിജിന്‍ എംഎല്‍എ , കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, യുവജനക്ഷേമ കമ്മിഷനംഗം വി കെ സനോജ്, രാഷ്ട്രീയ നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, സി പി ഷൈജന്‍, കെ രഞ്ജിത്ത്, ബിജു ഏളക്കുഴി, രഞ്ജിത്ത് നാറാത്ത്, മുന്‍ ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ കളത്തിലിറങ്ങി. ടീമിന്റെ മാനേജരായി മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചറും അസി. കോച്ചായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരിയും ഒപ്പം ചേര്‍ന്നു.

ചേംബറിന് വേണ്ടി ഓണററി സെക്രട്ടറി കെ അനില്‍കുമാര്‍, വിനോദ് നാരായണന്‍, സച്ചിന്‍ സൂര്യകാന്ത് മിശ്ര, ഹനീഫ് വാണിയങ്കണ്ടി, ഇര്‍ഷാദ് തുടങ്ങിയവര്‍ കളത്തിലിറങ്ങി. സര്‍വ്വീസില്‍ തുടര്‍ച്ചയായി 12 പോയന്റുകള്‍ നേടിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശന മത്സരത്തിലെ താരമായി. 16 നെതിരെ 25 പോയന്റുകള്‍ നേടിയായിരുന്നു രാഷ്ട്രീയക്കാരുടെ ടീമിന്റെ വിജയം. വിജയികളായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള ടീമിന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മെഡലുകള്‍ സമ്മാനിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളിന്റെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെയുള്ള പ്രദര്‍ശന മത്സരം മുന്‍ ദേശീയ താരം കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സുപ്പര്‍ എ ഐ സി.ഇ.ഒ അരുണ്‍ പെരുളി പങ്കെടുത്തു. പ്രസ് ക്‌ളബ്ബ് സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി. സുനില്‍കുമാര്‍ അദ്ധ്യക്ഷനായി. തുടര്‍ന്ന് കണ്ണൂര്‍ പ്രസ് ക്‌ളബ്ബ്, കേരള ഫോറസ്റ്റ് ടീമുകള്‍ പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടി. രണ്ടാമത്തെ മത്സരത്തില്‍ എക്‌സൈസും റഫറീസ് ഒഫീഷ്യലും മൂന്നാമത്തെ മത്സരത്തില്‍ സിവില്‍ സര്‍വീസ് ഡോക്ടേഴ്‌സും ജയിന്‍ വകുപ്പും ടൗണ്‍ സ്‌ക്വയറും ഏറ്റുമുട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com