
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മിന്നും ബൗളിങ് പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് റാങ്കിങിലും തകര്‍പ്പന്‍ നേട്ടം. താരം ബൗളര്‍മാരില്‍ രണ്ടാം റാങ്കിലെത്തി. ബാറ്റിങില്‍ തിളങ്ങിയ അഭിഷേക് ശര്‍മയും ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. രണ്ടാം റാങ്കില്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്കയ്‌ക്കൊപ്പമാണ് വരുണ്‍ റാങ്ക് പങ്കിടുന്നത്.
പരമ്പര ഇന്ത്യക്ക് 4-1നു സമ്മാനിക്കുന്നതില്‍ വരുണ്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 5 മത്സരങ്ങളില്‍ നിന്നു താരം 14 വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നാം സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം രണ്ടാം റാങ്കിലേക്ക് കയറിയത്. ടി20യിലെ മികച്ച പ്രകടനത്തിനു പിന്നാലെ വരുണിന് ആദ്യമായി ഏകദിന ടീമിലേക്കും വിളിയെത്തി. ഇംഗ്ലണ്ടിനെതിരെ നാളെ തുടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമില്‍ വരുണും ഇടം പിടിച്ചു.
പരമ്പരയില്‍ ഭേദപ്പെട്ട ബൗളിങ് പുറത്തെടുത്ത രവി ബിഷ്‌ണോയിയും റാങ്കിങില്‍ നേട്ടം സ്വന്തമാക്കി. നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് രവി ബിഷ്‌ണോയ് ആറാം റാങ്കിലേക്ക് കയറി. വെസ്റ്റ് ഇന്‍ഡീസ് താരം അകീല്‍ ഹുസൈനാണ് ഒന്നാം സ്ഥാനത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക