സെഞ്ച്വറികളുമായി നയിച്ച് സ്മിത്ത്; 14 വര്‍ഷത്തെ കാത്തിരിപ്പ്, ലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

രണ്ടാം ടെസ്റ്റില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
Australia win by 9 wickets
പരമ്പര ട്രോഫിയുമായി ഓസ്ട്രേലിയൻ ടീംഎപി
Updated on

ഗാലെ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം പിടിച്ചാണ് ഓസീസ് തേരോട്ടം. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലങ്കന്‍ മണ്ണില്‍ ഓസീസ് ടെസ്റ്റ് പരമ്പര ജയിക്കുന്നത്. 2011 ലാണ് അവസാനമായി അവര്‍ ലങ്കയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു സ്വന്തമാക്കി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ആത്മവിശ്വാസത്തോടെ തയ്യാറെടുത്ത് ഓസീസ്.

75 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 257 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സുമാണ് കണ്ടെത്തിയത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 414 റണ്‍സെടുത്തു.

ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. താരം 20 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (27), മര്‍നസ് ലാബുഷെയ്ന്‍ (26) എന്നിവര്‍ പുറത്താകാതെ ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയയുടെ മാത്യു കുനെമാനും നതാന്‍ ലിയോണും തിളങ്ങി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ബ്യു വെബ്‌സ്റ്റര്‍ വീഴ്ത്തി.

വെറ്ററന്‍ താരം ആഞ്ചലോ മാത്യൂസ് (76), കുശാല്‍ മെന്‍ഡിസ് (50) എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്കായി തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സിലും കുശാല്‍ മെന്‍ഡിസ് അര്‍ധ സെഞ്ച്വറി നേടി. താരം 85 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സില്‍ 74 റണ്‍സെടുത്ത ദിനേഷ് ചാന്‍ഡിമലാണ് തിളങ്ങിയ മറ്റൊരു ലങ്കന്‍ താരം.

ലങ്കയുടെ ഒന്നാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു കുനെമാന്‍, നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ശേഷിച്ച ഒരു വിക്കറ്റ് ട്രാവിസ് ഹെഡിനാണ്. രണ്ടിന്നിങ്‌സിലുമായി കുനെമാനും ലിയോണ്‍ 7 വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി.

ഒന്നാം ഇന്നിങ്‌സില്‍ രണ്ട് കിടിലന്‍ സെഞ്ച്വറികളാണ് ഓസീസ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. അലക്‌സ് കാരി (156), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (131) എന്നിവരുടെ ശതക ബലത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. ഒന്നാം ടെസ്റ്റിലും സെഞ്ച്വറിയടിച്ച സ്മിത്താണ് പരമ്പരയുടെ താരം. അലക്‌സ് കാരി മത്സരത്തിലെ താരമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com