
കറാച്ചി: ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്ക താരം മാത്യു ബ്രീറ്റ്സ്കിയുമായി ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിക്ക് കനത്ത പിഴ ശിക്ഷ. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിനിടെയാണ് സംഭവം. ഐസിസി മാച്ച് ഫീയുടെ 25ശതമാനം പിഴ അഫ്രീദിക്കു ചുമത്തി.
ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അഫ്രീദിയുടെ പന്ത് നേരിട്ട ബ്രീറ്റ്സ്കി ഓടിയില്ല. പകരം ബാറ്റ് കൊണ്ടു പ്രത്യേകമായൊരു ആക്ഷൻ കാണിച്ചു. ഇത് അഫ്രീദിക്ക് ഇഷ്ടമായില്ല. താരം ബ്രീറ്റ്സ്കിയുടെ അടുത്തേക്ക് നീങ്ങി എന്തോ പറഞ്ഞു. ബ്രീറ്റ്സ്കിയും തിരികെ പറഞ്ഞു. താരങ്ങൾ നേർക്കുനേർ വന്നതോടെ ഇരു ടീമിലേയും ക്യാപ്റ്റൻമാരും അംപയർമാരും എത്തി താരങ്ങളെ മാറ്റുകയായിരുന്നു.
പിന്നാലെ അടുത്ത പന്ത് നേരിച്ച ബ്രീറ്റ്സ്കി റണ്ണിനായി ഓടുന്നതിനിടെ അഫ്രീദി താരത്തിന്റെ ഓട്ടം തടസപ്പെടുത്താൻ വഴി മുടക്കി ക്രീസിൽ നിന്നതും വിവാദമായി. ഇരുവരും തമ്മിൽ കൂട്ടിയിടിച്ചതോടെ വീണ്ടും തർക്കമായി. പിന്നാലം അംപയർമാർ വീണ്ടുമെത്തി ഇരുവരേയും പിന്തിരിപ്പിച്ചു. ഇതിലാണ് ഇപ്പോൾ അച്ചടക്ക നടപടി.
സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവർക്കും പിഴ ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 10 ശതമാനമാണ് ഇരുവർക്കും പിഴ. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയെ റൗണ്ണൗട്ടാക്കിയ ശേഷം താരത്തിന്റെ മുന്നിൽ ചാടി വീണ് ആഘോഷിക്കുകയും താരത്തെ പോകാൻ സമ്മതിക്കാതെ നിർത്തുകയും ചെയ്ത സംഭവത്തിലാണ് ഇരുവർക്കും പിഴ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക