
ബംഗളൂരു: 16 വയസുള്ള മകൻ അൻവയ് ദ്രാവിഡിനൊപ്പം ക്ലബ് ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരവും മുൻ ഇന്ത്യൻ പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ബംഗളൂരു കെഎസ്‍സിഎ ലീഗ് പോരാട്ടത്തിൽ വിജയ ക്രിക്കറ്റ് ക്ലബിനു വേണ്ടിയാണ് യങ് ലയൺസിനെതിരെ ദ്രാവിഡ് മകനൊപ്പം കളിക്കാനിറങ്ങിയത്. മത്സരത്തിൽ മകൻ ബാറ്റിങിൽ തിളങ്ങി. അൻവയ് 60 പന്തിൽ 53 റൺസ് കണ്ടെത്തി. ദ്രാവിഡ് നേടിയത് 8 പന്തിൽ 10 റൺസ്.
52 കാരനായ ദ്രാവിഡ് ആറാം സ്ഥാനത്താണ് ബാറ്റിങിനെത്തിയത്. മകനൊപ്പം 17 റൺസ് കൂട്ടുകെട്ടുണ്ടാക്കിയാണ് ദ്രാവിഡ് പുറത്തായത്. ആറാമനായാണ് രാഹുൽ ദ്രാവിഡ് ബാറ്റ് ചെയ്തത്. 50 പന്തിൽ 107 റൺസെടുത്ത വിജയ ബാറ്റർ സ്വപ്നിലാണ് ടീമിന്റെ ടോപ് സ്കോറർ.
ദ്രാവിഡിനെ യങ് ലയൺസ് ബൗളർ എആർ ഉല്ലാസാണ് പുറത്താക്കിയത്. പോരാട്ടത്തിൽ വിജയ ക്രിക്കറ്റ് ക്ലബ് വിജയിച്ചു. 24 റൺസ് ജയത്തടെ അവർ ടൂർണമെന്റിന്റെ സെമിയിലേക്ക് മന്നേറി.
ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്കു കൈപിടിച്ചുയർത്തിയതിനു പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നാലെ അദ്ദേഹം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമേറ്റെടുത്തു. അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിൽ രാജസ്ഥാന് തന്ത്രമോതി ദ്രാവിഡിനെ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക