രഞ്ജി ട്രോഫി; കന്നി കിരീടത്തിനായി കേരളം ഇന്നിറങ്ങും, പ്രതീക്ഷയോടെ സച്ചിൻ ബേബിയും സംഘവും

ടൂണർമെന്റിൽ ഇതുവരെ ഇരു ടീമുകളും തോൽവി അറിഞ്ഞിട്ടില്ല.
Ranji Trophy
രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറിയ കേരള ടീം
Updated on

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ കന്നി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദർഭയെ നേരിടും. നാ​ഗ്പൂരിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30 നാണ് മത്സരം. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ടൂണർമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് രണ്ടും.

കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് വഴങ്ങേണ്ടി വന്ന വിദർഭ ഇത്തവണ കിരീടം കിട്ടിയേ തീരൂ എന്ന വാശിയിലാണ് ​കളത്തിലിറങ്ങുക. എന്നാൽ മറുവശത്ത് കന്നി കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. കേരള ടീമിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഏതാനും മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത.

സല്‍മാന്‍ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്‌സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുന്‍നിര കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ കേരളത്തിന്റെ ബാറ്റിങ് കരുത്ത് കൂടും. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ എംഡി നിധീഷും ജലജ് സക്‌സേനയും ആദിത്യ സര്‍വാതെയുമാണ് കേരളത്തിന്റെ കരുത്ത്. സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം എന്ന ചരിത്ര നേട്ടം നേടാനാകും.

കഴിഞ്ഞ പത്ത് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് വിദര്‍ഭ. 2018ലും 19ലും കപ്പുയര്‍ത്തിയ വിദര്‍ഭ കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ്പായിരുന്നു. യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ, ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടൈഡെ, മലയാളി താരം കരുണ്‍ നായര്‍, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദര്‍ഭ ടീമില്‍. ഇതില്‍ യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദര്‍ഭയെ സംബന്ധിച്ച് നിര്‍ണായകം. ഈ സീസണിലെ റണ്‍വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 58.31 ശരാശരിയില്‍ 933 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് യാഷ് റാത്തോഡ്. സെമിയില്‍ മുംബൈക്കെതിരെ ആദ്യ ഇന്നിങ്സില്‍ 54ഉം രണ്ടാം ഇന്നിങ്സില്‍ 151 റണ്‍സടിച്ച് 24കാരനായ റാത്തോഡ് തിളങ്ങിയിരുന്നു.

ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16.42 ശരാശിയില്‍ 66 വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയെ നേരിടുക എന്നതായിരിക്കും കേരളം നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി. ഈ സീസണില്‍ മാത്രം ഏഴ് തവണ അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷ് ദുബെ 70 മെയ്ഡന്‍ ഓവറുകളുമെറിഞ്ഞു. ഇരു ടീമുകളും നേര്‍ക്കുനേരെത്തുമ്പോള്‍ കൗതുകകരമായ മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. സീസണില്‍ ഇത് വരെ മൂന്ന് സെഞ്ച്വറികളടക്കം 642 റണ്‍സുമായി വിദര്‍ഭ ബാറ്റിങ്ങിന്റെ കരുത്തായ കരുണ്‍ നായര്‍ മലയാളിയാണ്. മറുവശത്ത് വിര്‍ഭയുടെ ഇതിനു മുന്‍പുള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സര്‍വാതെ കേരള നിരയിലുമുണ്ട്. നാഗ്പൂര്‍ സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സര്‍വാതെയുടെ സാന്നിധ്യം കേരളത്തിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ രഞ്ജി നോക്കൗട്ടില്‍ വിദര്‍ഭയോട് കേരളത്തിന്റെ റെക്കോഡ് മികച്ചതല്ല 2017-18ല്‍ വിര്‍ഭയോട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ കേരളം അടുത്ത വര്‍ഷം സെമിയിലും അവരോട് തോല്‍വി വഴങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com