കൊച്ചി: സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി സച്ചിൻ ബേബിയുടെ കൈകളിലേക്ക് എത്തിയ അവസാന ക്യാച്ച് കേരളത്തെ രഞ്ജി ട്രോഫി ഫൈനൽ എന്ന ചരിത്ര നേട്ടത്തിലേക്കാണ് കൈപിടിച്ചു കയറ്റിയത്. 74 വര്‍ഷത്തിനിടെ ആദ്യമായി കേരളം ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ സച്ചിന്‍ ബേബിയുടെ 100-ാം മത്സരം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
2009-2010 സീസണിലാണ് തൊടുപുഴക്കാരനായ സച്ചിൻ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആന്ധ്ര പ്രദേശിനെതിരെയായിരുന്നു ആദ്യ മത്സരം. 2013ൽ കേരള ക്യാപ്റ്റനായി. 2010–11 വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി ലിസ്റ്റ് എ ക്രിക്കറ്റിലും 2011–12 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വേണ്ടി ട്വന്റി20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.
രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളം ആദ്യമായി സെമിയിലെത്തിയത് 36 കാരനായ സച്ചിന്റെ നേതൃത്വത്തിലാണ്. നാൽപ്പത് ടി 20 മത്സരങ്ങളിൽ കേരളത്തെ നയിച്ചു. 2013-ൽ ഐപിഎൽ അരങ്ങേറ്റം. രാജസ്ഥാൻ റോയൽസിൽ ഇടംപിടിച്ചെങ്കിൽ ബാറ്റ് വീശാനായത് ഒരു തവണ മാത്രം. 2016-ല്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിലേക്ക്. സീസണിൽ 11 മത്സരങ്ങൾ കളിച്ച സച്ചിന്‍ 29.75 ശരാശരിയിൽ 119 റൺസ് നേടി.
പിന്നീട് 2018-ല്‍ സൺറൈസേഴ്‌സ് ഹൈദരാബാദില്‍ എത്തി. 2021-ല്‍ വീണ്ടും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിലേക്കും. 2025-ല്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് വീണ്ടും സച്ചിനെ സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക