വിദേശ ജോലി ഉപേക്ഷിച്ച് ആ പിതാവ് തന്റെ 12 വയസുള്ള മകനേയും 8ഉം 3ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളേയും കൊണ്ട് ഒരു ഇന്ത്യന്‍ നഗരത്തിലേക്ക് താമസം മാറുന്നു. നിലവിലെ ജോലിയില്‍ സ്ഥാനം കയറ്റം കിട്ടിയ അമ്മ വിദേശത്തു തന്നെ തുടരാന്‍ തീരുമാനിക്കുന്നു. ഇത്രയൊക്കെ ത്യാഗം സഹിക്കാന്‍ ആ മാതാപിതാക്കള്‍ തയ്യാറായത് ഒറ്റ കാരണത്താലാണ്. തങ്ങളുടെ മകന്‍ ക്രിക്കറ്റ് താരം ആകണമെന്ന ആഗ്രഹത്തില്‍.
ആ ആഗ്രഹത്തിന്റെ പകുതി പിന്നിട്ടു നില്‍ക്കുമ്പോള്‍ കേരളത്തിനും അതിന്റെ നേട്ടമുണ്ട്. ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറി, കലാശപ്പോരില്‍ വിദര്‍ഭയെ 400നു ഉള്ളില്‍ ഒതുക്കാന്‍ കേരളത്തിനു സാധിച്ചപ്പോള്‍ അതില്‍ നിര്‍ണായകമായത് ഒരു 19കാരന്റെ മിന്നും ബൗളിങ് കൂടിയായിരുന്നു. പേസര്‍ ഏദന്‍ ആപ്പിള്‍ ടോം ഇന്ന് തിളങ്ങി നില്‍ക്കുമ്പോള്‍ അതിനു പിന്നില്‍ മാതാപിതാക്കളുടെ ത്യാഗത്തിന്റെ കഥ കൂടിയുണ്ട്.
വിദര്‍ഭയ്‌ക്കെതിരെ 31 ഓവര്‍ എറിഞ്ഞ് 102 റണ്‍സ് വഴങ്ങിയാണ് ഏദന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയത്. കേരളത്തിന്റെ കന്നി രഞ്ജി ഫൈനല്‍ പ്രവേശത്തില്‍ മകന്‍ നിര്‍ണായകമായതിന്റെ സന്തോഷത്തിലാണ് പിതാവ് ആപ്പിള്‍ ടോം ഫിലിപ്പ്.
മഎന്റെ ഭാര്യ ബെറ്റി ഒരു എയര്‍ലൈനില്‍ മാനേജര്‍ സ്ഥാനത്തായിരുന്നു. ഞാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ലോജിസ്റ്റിക്‌സിലും ജോലി ചെയ്യുകയായിരുന്നു. ഒരു അത്ലറ്റാകാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ക്രിക്കറ്റും വോളിബോളും കളിച്ചു. പക്ഷേ പിന്നീട് അതില്‍ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ല. എന്റെ ആഗ്രഹം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അതോടെയാണ് എദന്‍ ഒരു ക്രിക്കറ്റ് കളിക്കാരനാകണമെന്ന് ഞാന്‍ ആഗ്രഹിച്ചത്.'
ഭാര്യ അടുത്തില്ലാത്തപ്പോള്‍ മൂന്ന് കുട്ടികളേയും പരിപാലിക്കുന്നത് എളുപ്പമായിരുന്നില്ലെന്നു ആപ്പിള്‍ ടോം പറയുന്നു. അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത് കഠിനമായിരുന്നു. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ സംതൃപ്തനാണെന്നും ആപ്പിള്‍ ടോം വ്യക്തമാക്കുന്നു.
മുന്‍ കേരള താരം സോണി ചെറുവത്തൂര്‍ ദുബായിലെ സ്പെറോ ക്രിക്കറ്റ് അക്കാദമിയില്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ ആരംഭിച്ചതിനു ശേഷമാണ് ഏദന്‍ ആപ്പിള്‍ ടോമിലെ പേസര്‍ ഉദയം ചെയ്യുന്നത്. ഏദന്‍ ഈ അക്കാദമിയില്‍ ചേര്‍ന്നു. ഏദന്റെ വരവ് സോണി ഓര്‍ക്കുന്നു.
'ഒരു ദിവസം ഷാര്‍ജയില്‍ നിന്ന് ഒരു കൊച്ചുകുട്ടി വന്നു. അല്‍പ്പം തടിയുള്ള കുട്ടിയായിരുന്നു അന്ന് ഏദന്‍. പക്ഷേ പന്തെറിയുമ്പോള്‍ തെറ്റായ രീതിയിലാണ് അന്ന് കാല്‍ വച്ചിരുന്നത്. അന്നു തന്നെ അവന്റെ ആ പ്രശ്‌നം ഞങ്ങള്‍ പരിഹരിച്ചു.'
ഒന്നര വര്‍ഷത്തിനു ശേഷം സോണിയ്ക്ക് കേരളത്തിന്റെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചതോടെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് ലവ്ഓള്‍ എന്ന പേരില്‍ സോണിയ്ക്ക് ക്രിക്കറ്റ് അക്കാദമിയുമുണ്ട്.
'ഞാന്‍ തിരിച്ചുവന്നപ്പോള്‍, ഒരു ദിവസം എദന്റെ അച്ഛന്‍ എന്നെ വിളിച്ച് എന്റെ അക്കാദമിയെക്കുറിച്ച് അന്വേഷിച്ചു. താമസം മാറാനുള്ള പദ്ധതിയും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ഏദനടക്കമുള്ള മൂന്ന് കുട്ടികളോടൊപ്പം അദ്ദേഹം എന്റെ അക്കാദമിക്കടുത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് എടുത്തു താമസം ആരംഭിച്ചു. ക്രിക്കറ്റ് പരിശീലനത്തിനായി ക്ലാസുകള്‍ ഒഴിവാക്കാന്‍ എദന് സ്വാതന്ത്ര്യം നല്‍കിയ ഒരു സ്‌കൂളില്‍ ഞങ്ങള്‍ അവനെ ചേര്‍ക്കുകയും ചെയ്തു.'
ഏദനിലെ ക്രിക്കറ്റ് താരത്തിന്റെ വളര്‍ച്ചയ്ക്ക് സോണിയ്‌ക്കൊപ്പം ഫിറ്റ്‌നസ് പരിശീലകന്‍ ഷാനാവസ് വാഹിദ്, പരിശീലകന്‍ കാര്‍ത്തിക് രാജൻ എന്നിവര്‍ക്കും പങ്കുണ്ട്.
'അണ്ടര്‍ 16 കേരള ടീമില്‍ ഏദന് അവസരം കിട്ടിയില്ല. മികവോടെ പന്തെറിയുന്ന സമയം തന്നെയായിരുന്നു അപ്പോള്‍. ഫിറ്റ്‌നസില്‍ ഏദന്‍ വളരെ ശ്രദ്ധാലുവുമായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയില്ല. പക്ഷേ നിരാശപ്പെടാതെ ഏദന്‍ അവിശ്വസനീയമാം വിധത്തില്‍ തന്നെ പരിശീലനം തുടര്‍ന്നു. ഞാനും കാര്‍ത്തിക് രാജും ഈ സമയത്തെല്ലാം അവനൊപ്പമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം അണ്ടര്‍ 19 കേരള ടീമിലേക്ക് ഏദനു വിളി വന്നു. ആ സമയത്തും നന്നായി പന്തെറിയാന്‍ ഏദനു സാധിച്ചു. 2021-22 സീസണില്‍ രഞ്ജി ടീമിലേക്കും എത്തി.'
ആദ്യ സീസണില്‍ മികച്ച ബൗളിങ് ഏദന്‍ പുറത്തെടുത്തു. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി. പ്രായ പരിധിയിലെ വിവിധ കേരള ടീമുകളില്‍ ഏദന്‍ പിന്നീടും കളിക്കുന്നുണ്ട്. വിക്കറ്റുകളും വീഴ്ത്തുന്നുണ്ടായിരുന്നു.
പക്ഷേ അതിനിടെ താരത്തിനു പുറംവേദന വന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പിന്നീട് ഏദന്‍. ഇന്ത്യന്‍ താരങ്ങളായ പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുംറ എന്നിവരെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഏദനേയും ചികിത്സിച്ചത്. 2022-23 സീസണില്‍ കാര്യമായി കളിക്കാന്‍ സാധിച്ചില്ല. കരിയറിലെ വലിയ നഷ്ടമായിരുന്നു അത്. അതിനെല്ലാം ശേഷമാണ് ഇപ്പോഴത്തെ താരത്തിന്റെ തിരിച്ചു വരവ്.
കേരളത്തിന്റെ പുതിയ പരിശീലകന്‍ അമയ് ഖുറാസിയ ഏദന്റെ ബൗളിങിലേക്ക് ഔട്ട് സിങര്‍ കൂടി ചേര്‍ത്തിട്ടുണ്ട് ഇപ്പോള്‍. മികച്ച രീതിയില്‍ ഔട്ട് സിങറുകള്‍ എറിയാന്‍ അമയ് ഏദനെ പരിശീലിപ്പിച്ചെടുത്തു. അതുകൊണ്ടു കൂടിയാണ് ഫൈനല്‍ പോരാട്ടത്തിലെ ഇലവനിലേക്ക് ഏദനേയും ഉള്‍പ്പെടുത്തിയത്. ഈ സീസണില്‍ താരം കളിക്കുന്ന ആദ്യ രഞ്ജി പോരാട്ടം കൂടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്. നല്ല സീമില്‍ പന്തെറിയുന്ന ഏദന്‍ കേരള ടീമിനെ സംബന്ധിച്ചു സര്‍പ്രൈസ് പാക്കേജ് കൂടിയാണ്.
കരിയറില്‍ ഇനിയും മികവിലേക്ക് എത്താനുള്ള ധാരാളം സമയം ഏദനുണ്ട്. ടിനു യോഹന്നാനും ശ്രീശാന്തിനും പിന്നാലെ ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ മറ്റൊരു പേസ് സംഭാവനയായി ഏദന്‍ മാറിയാലും അത്ഭുതപ്പെടാനില്ലെന്നു ചുരുക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക