
ലാഹോര്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ചരിത്ര നേട്ടത്തിനു അരികിലാണ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അവരെ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നിന്നു തന്നെ പുറത്താക്കിയ അഫ്ഗാന്‍ ഇന്ന് സെമി പ്രതീക്ഷകളുമായി പോരിനിറങ്ങുന്നു. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഓസീസിനെതിരെയും അട്ടിമറി നടത്തിയാല്‍ അവര്‍ ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ട്രോഫിയുടെ സെമിയിലേക്കും മുന്നേറും.
ഓസ്‌ട്രേലിയന്‍ വെല്ലുവിളി മാത്രമല്ല അവര്‍ക്ക് അതിജീവിക്കേണ്ടത്. ലാഹോറില്‍ മഴ ഭീഷണിയുണ്ട്. ഇന്ന് മഴ പെയ്ത് കളി നടന്നില്ലെങ്കില്‍ അവരുടെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിടും.
2023ലെ ഏകദിന ലോകകപ്പിലെ സമാന സ്ഥിതിയാണ് നിലവില്‍ അഫ്ഗാനെ കാത്തിരിക്കുന്നത്. അന്ന് അട്ടിമറി ഭീഷണിയുമായി അവര്‍ ഓസീസിനെ വെള്ളം കുടിപ്പിച്ചിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ് അവര്‍ക്ക് വിലങ്ങായത്. മാക്‌സ്‌വെല്‍ ഇന്നും ഓസീസ് നിരയില്‍ ഇറങ്ങുന്നുണ്ട്.
ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടം മഴയില്‍ ഒലിച്ചതോടെ അവര്‍ക്ക് 4 പോയിന്റുണ്ട്. അഫ്ഗാന് മൂന്നും. ഇന്ന് കളി നടന്നില്ലെങ്കില്‍ 5 പോയിന്റുമായി ഓസീസ് സെമിയിലേക്ക് മുന്നേറും.
2024ലെ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ചരിത്രം അഫ്ഗാനുണ്ട്. സൂപ്പര്‍ എട്ടില്‍ അന്ന് 21 റണ്‍സിനാണ് അവര്‍ ഓസീസിനെ പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി അവര്‍ ഒരു ഐസിസി പോരാട്ടത്തിന്റെ സെമിയിലേക്കും മുന്നേറി. ആ ഓര്‍മകളുടെ ബലത്തിലാണ് അഫ്ഗാന്‍ മറ്റൊരു അട്ടിമറിക്ക് കോപ്പുകൂട്ടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക