മനു ഭാകറിനും ഡി ഗുകേഷിനും ഖേല്‍രത്‌ന; സജന്‍ പ്രകാശിന് അര്‍ജുന പുരസ്‌കാരം

ഹര്‍മന്‍പ്രീത് സിങ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കും രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം
Dhyan Chand Khel Ratna Award
മനു ഭാകർ, ഡി ​ഗുകേഷ്, ഹർമൻപ്രീത് സിങ്, പ്രവീൺ കുമാർഎക്സ്
Updated on

ന്യൂഡല്‍ഹി: മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാകര്‍ അടക്കം നാല് പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരങ്ങള്‍. കേന്ദ്ര കായിക മന്ത്രാലായമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മാസം 17നു പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.

ഷൂട്ടിങ് താരം മനു ഭാകര്‍, ചെസ് ലോക ചാംപ്യന്‍ ഡി ഗുകേഷ്, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, പാരാലിംപ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം.

17 പാരാ അത്‌ലറ്റുകള്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും സമ്മാനിക്കും. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് അടക്കമുള്ളവര്‍ക്കാണ് അര്‍ജുന.

മനു ഭാകറിന്റെ ഖേല്‍രത്‌ന സംബന്ധിച്ചു വിവാദങ്ങളുണ്ടായിരുന്നു. താരത്തെ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്നു തഴഞ്ഞു എന്നതടക്കമുള്ള ആരോപണങ്ങളുമായി പിതാവ് രംഗത്തെത്തിയിരുന്നു. പിന്നാലെ അപേക്ഷയില്‍ പിഴവ് സംഭവിച്ചതായി മനു പിന്നീട് രംഗത്തെത്തി വ്യക്തമാക്കിയിരുന്നു. വിവാദമായെങ്കിലും പുരസ്‌കാരത്തിനു താരം അര്‍ഹയായി.

നിലവിലെ ലോക ചാംപ്യന്‍ ഡിങ് ലിറനെ കീഴടക്കി ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാംപ്യനെന്ന അനുപമ നേട്ടവുമായി ചരിത്രമെഴുതിയാണ് ഡി ഗുകേഷ് ചെസ് ലോക ചാംപ്യനായത്. പാരിസ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഗോളടി മികവായിരുന്നു. പാരാലിംപിക്‌സ് സ്വർണ നേട്ടമാണ് പ്രവീണ്‍ കുമാറിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com