'ലവ് യൂ, ഇപ്പോള്‍ നീ നന്നായിട്ടുണ്ട്, ആരോഗ്യം സൂക്ഷിക്കണം, ഉടന്‍ കാണാന്‍ വരാം'- കാംബ്ലിയുമായി കപിലിന്റെ വിഡിയോ കോള്‍, വൈകാരിക മുഹൂര്‍ത്തം

ചികിത്സ കഴിഞ്ഞ് താനെയിലെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിനോദ് കാംബ്ലിയെ എത്രയും പെട്ടെന്ന് വന്നുകാണാമെന്ന് വാഗ്ദാനം നല്‍കി ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്
We will meet when you get better Kapil Dev tells an emotional Vinod Kambli
ആശുപത്രി വിട്ട് കാറിൽ കയറുന്ന കാംബ്ലി ആരാധകരെ അഭിവാദ്യം ചെയ്യുന്നു
Updated on

മുംബൈ: ചികിത്സ കഴിഞ്ഞ് താനെയിലെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിനോദ് കാംബ്ലിയെ എത്രയും പെട്ടെന്ന് വന്നുകാണാമെന്ന് വാഗ്ദാനം നല്‍കി ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്. ഇരുവരും തമ്മിലുള്ള വിഡിയോ കോള്‍ വൈകാരിക നിമിഷങ്ങളാണ് സമ്മാനിച്ചത്. ആരോഗ്യം നോക്കാന്‍ കാംബ്ലിക്ക് ഉപദേശം നല്‍കിയായിരുന്നു കപില്‍ദേവ് കോള്‍ അവസാനിപ്പിച്ചത്.

ഡിസംബര്‍ 21 ന് മൂത്രാശയ അണുബാധ, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കാംബ്ലിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 52 കാരന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും ഓര്‍മ്മ ശക്തി പൂര്‍ണമായി ലഭിക്കാന്‍ സാധ്യതയില്ലെന്നുമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് കാംബ്ലി ആശുപത്രി വിട്ടത്. ശാരീരികമായി ദുര്‍ബലനാണെങ്കിലും ഉത്സാഹഭരിതനായാണ് കാംബ്ലി കാണപ്പെട്ടത്. ആശുപത്രി വിട്ട കാംബ്ലി കുറച്ചുനേരം ക്രിക്കറ്റ് കളിച്ചതിന് പുറമേ, ആശുപത്രി ജീവനക്കാരോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത്, കാംബ്ലിക്ക് സഹായ വാഗ്ദാനം ചെയ്ത കപില്‍ദേവിനെ കാംബ്ലി വീഡിയോ കോള്‍ ചെയ്തതായി അകൃതി ആശുപത്രി ഡയറക്ടര്‍ ശൈലേഷ് ഠാക്കൂര്‍ പറഞ്ഞു. 'ഹായ് കപില്‍ പാജി സുഖമാണോ,'- കപിലിന്റെ ആശംസയ്ക്ക് വികാരാഭരിതമായ മറുപടിയാണ് കാംബ്ലി നല്‍കിയത്.

'ഞാന്‍ വന്ന് നിങ്ങളെ കാണാം. ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ നന്നായി തോന്നുന്നു, താടിക്ക് നിറം കൊടുത്തിട്ടുണ്ട്. തിരക്കുകൂട്ടരുത്. കുറച്ചു ദിവസം കൂടി (ആശുപത്രിയില്‍) തുടരേണ്ടി വന്നാല്‍, ദയവായി തിരക്കുകൂട്ടരുത്. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വന്നാല്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാരോട് പറയുക. ആരോഗ്യം സൂക്ഷിക്കണം. നീ സുഖം പ്രാപിച്ച് പുറത്തുവരുമ്പോള്‍, ഞാന്‍ നിന്നെ കാണാന്‍ വരും. നി തന്നെ നിന്നെ പരിപാലിക്കണം. നിന്നെ സ്‌നേഹിക്കുന്നു,'-കപിലിന്റെ വാക്കുകള്‍.

കപില്‍ ഠാക്കൂറിനും നന്ദി പറഞ്ഞു. 'ശൈലേഷ്, നീ അവനെ ശുശ്രൂഷിക്കുന്നതിന് നന്ദി. അവന്‍ നന്നായി കാണപ്പെടുന്നു, അവനെ ന ന്നായി നോക്കൂ'- കപില്‍ പറഞ്ഞു. കാംബ്ലിക്ക് ആശുപത്രി എല്ലാ സഹായവും നല്‍കുമെന്ന് ഠാക്കൂര്‍ പറഞ്ഞു.

'എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ കാംബ്ലി സാറിന്റെ ആരാധകനാണ്, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം ബുദ്ധിമുട്ടുന്നത് കാണാന്‍ പ്രയാസമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ ഞങ്ങളുടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു, ഭാവിയില്‍ അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകളും ആശുപത്രിവാസവും ഞങ്ങള്‍ ഏറ്റെടുക്കും,'- ഠാക്കൂര്‍ പിടിഐയോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com